Tuesday, March 1, 2011

ജമാ‌അത്തിന്റെ കപടമുഖം - COMRADE

ജമാ‌അത്തിന്റെ കപടമുഖം



സി പി ഐ (എം എൽ) മുഖപത്രമായ ‘കോമ്രേഡ്’ മാസികയിലെ ചോദ്യോത്തര പംക്തിയിൽ വന്ന ഒരു ചോദ്യവും അതിന് എം എസ് ജയകുമാർ നൽകിയ ഉത്തരവുമാണ് താഴെയുള്ളത്. പ്രതികരണങ്ങൾ കമന്റുകളായി വരുമെന്ന പ്രതീക്ഷയോടെ...



ചോദ്യം: ജമാ‌അത്തെ ഇസ്ലാമിയുടെ കേരളാഘടകം പൊതുവിൽ മതനിരപേക്ഷ നിലപാട് സ്വീകരിക്കുന്നില്ലേ? അവരുടെ യുവജനസംഘടനയായ സോളിഡാരിറ്റി ഒരു ഇടതുപക്ഷ യുവജന സംഘടനയുടെ പങ്ക് അല്ലേ നിർവ്വഹിക്കുന്നത്?

സോമൻ, കയ്പുഴ


ഉത്തരം: ചോദ്യകർത്താവ് കരുതുന്നതു പോലെ ജമാ‌അത്തെ ഇസ്ലാമിയോ അവരുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയോ മതനിരപേക്ഷമായ നിലപാട് സ്വീകരിക്കുന്ന തരത്തിലുള്ള സംഘടകളല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു മുഖം‌മൂടി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ യഥാർഥമുഖം മറച്ചുവെയ്ക്കാനുള്ള ശ്രമം നടത്തി ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അവരുടെ രാഷ്ട്രീയലക്ഷ്യം പടിപടിയായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോൾ ഒരു കവർ സംഘടനയെന്ന നിലയിൽ ‘ജനകീയ വികസന മുന്നണി’യുടെ പേരിലാണവർ തെരഞ്ഞെടുപ്പിൽ മത്സരിച്ചത് എങ്കിൽ അധികം താമസിയാതെ, ബംഗ്ലാദേശിലും മറ്റും സ്വന്തം രാഷ്ട്രീയ പാർട്ടിയായി മാറാനുള്ള സാധ്യത വിദൂരമല്ല. ഇനി ജമാ‌അത്തെ ഇസ്ലാമിയെ കുറിച്ച് ചില കാര്യങ്ങൾ സൂചിപ്പിക്കട്ടെ.



ഹിന്ദുത്വവാദികൾ, യഥാർത്ഥ ഹിന്ദുമത സംരക്ഷകർ തങ്ങളാണെന്ന് അവകാശപ്പെടുന്നതുപോലെ ജമാ‌അത്തുകളെ പോലുള്ള ഇസ്ലാംവാദികളും തങ്ങളാണ് ഇസ്ലാമിനെ സംരക്ഷിക്കുന്നതെന്നാണ് പ്രചാരണം നടത്തുന്നത്. അവിഭക്ത ഇൻഡ്യയിൽ, 1941-ആഗസ്റ്റ് 26ന് ലാഹോറിൽ വച്ചാണ് മൌലാന സയ്യിദ് അബുൽ അ‌അ്‌ല മൌദൂദി ജമാ‌അത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടന രൂപീകരിക്കുന്നത്. ദൈവീക ഭരണം (ഹുകൂമത്തെ ഇലാഹി)* സ്ഥാപിക്കലായിരുന്നു അതിന്റെ പ്രഖ്യാപിത ലക്ഷ്യം. എന്നാൽ ഇന്ത്യാവിഭജനത്തിനു ശേഷം ഒരു ബഹുമത രാജ്യമായ ഇന്ത്യയിൽ തങ്ങളുടെ പ്രവർത്തനങ്ങൾ മുന്നോട്ട് കൊണ്ടു പോകുന്നതിന് തന്ത്രപരമായ ഒരു നിലപാട് അവർ സ്വീകരിച്ചു. അതിന്റെ ഭാഗമായിട്ടാണ് ഇന്ത്യയിൽ ദൈവികഭരണമെന്ന മുദ്രാവാക്യത്തിന് ചെറിയൊരു മാറ്റം വരുത്തി ‘ഇഖാമത്തുദ്ദീൻ’ എന്നാക്കി മാറ്റിയത്. അതിന്റെ അർഥം ഇസ്ലാമിക വ്യവസ്ഥിതി സ്ഥാപിക്കുക എന്നതാണ്. മേൽ പറഞ്ഞ രീതിയിലുള്ള ഒരു ലേബൽ മാറ്റം കൊണ്ട് മൌലികമായി, അതിന്റെ സത്തയിൽ മാറ്റമൊന്നും വരുന്നില്ല. ഇന്ത്യാ ഉപഭൂഖണ്ഡത്തിൽ ഇവർ വ്യത്യസ്ത രൂപങ്ങളിലാണ് പ്രവർത്തിക്കുന്നത്. എന്നാൽ അവരുടെ അടിസ്ഥാന നിലപാടുകൾക്ക് മാറ്റങ്ങൾക്കൊന്നും തന്നെ ഇല്ല എന്നുള്ളതുകൂടി സൂചിപ്പിക്കേണ്ടതുണ്ട്. സ്ഥലകാലമാറ്റങ്ങൾക്കനുസരിച്ച് തങ്ങളുടെ നിലപാടുകളിൽ മാറ്റം വരുത്തുന്നത് പിശകാണെന്നു കരുതുന്ന മൌദൂദിസ്റ്റുകൾക്കും സ്വയം ചില മാറ്റങ്ങൾക്കെങ്കിലും വിധേയരാകാതെ നിലനിൽക്കാനാകില്ലെന്ന യാഥാർഥ്യം അംഗീകരിക്കേണ്ടി വന്നിരിക്കുകയാണ്.

ജമ്മു കശ്‌മീരിൽ ഇവർ എടുക്കുന്ന നിലപാട് ഇന്ത്യയിൽ മറ്റ് സംസ്ഥാനങ്ങളിൽ നടപ്പാക്കാൻ അവർ സന്നദ്ധരാകുന്നില്ല. പൊതുവിദ്യാഭ്യാസം, ഗവൺ‌മെന്റുമായി പാർലമെന്ററി ജനാധിപത്യ സമ്പ്രദായത്തിന്റെ ഭാഗമായി തെരഞ്ഞെടുപ്പിൽ മത്സരിക്കുക, വോട്ടു ചെയ്യുക എന്നതെല്ലാം നിഷിദ്ധമായി കരുതിയിരുന്ന ഇക്കൂട്ടർ ഇന്ന് കേരളത്തിലും രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാനുള്ള അണിയറ നീക്കത്തിലാണ്. ജനാധിപത്യ വ്യവസ്ഥയും അതിന്റെ ഭരണഘടനയും അനുസരിച്ച് ജീവിക്കുകയെന്നത് ഇസ്ലാം വിരുദ്ധമാണെന്ന് ജമാ‌അത്തെ സ്ഥാപകനായ മൌദൂദി ഉറച്ചു വിശ്വസിച്ചു. മതവും രാഷ്ട്രവും അവിഭാജ്യമാണെന്ന സിദ്ധാന്തത്തിൽ വിശ്വസിക്കുന്നവർക്ക് മതനിരപേക്ഷത എന്ന ആശയത്തെ തന്നെ സ്വീകരിക്കാനാകില്ലല്ലോ. ഇത്തരം നിലപാടുകൾ ഉള്ളപ്പോൾ തന്നെ ഇടതുപക്ഷത്തിനു പ്രാമുഖ്യമുള്ള കേരളത്തിൽ തങ്ങൾക്കിണങ്ങുന്ന മുഖം‌മൂടികൾ മാറിമാറി പ്രയോഗിക്കാനുള്ള മെയ്‌വഴക്കം മൌദൂദിസ്റ്റുകൾ സ്വീകരിക്കുന്നതു കൊണ്ടാണ് കേരളത്തിലെ ജമാ‌അത്തെ ഇസ്ലാമി യൂണിറ്റിനെ വിലയിരുത്തുന്നതിൽ പലപ്പോഴും ആശയക്കുഴപ്പങ്ങൾ ഉണ്ടാകുന്നത്.

ജമാ‌അത്തെ ഇസ്ലാമിയും മുസ്ലിമ്ലീഗും (ഐ യു എം എൽ), ഐ എൻ എൽ തുടങ്ങിയ സംഘടനകളും തമ്മിലുള്ള മൌലീകമായ വ്യത്യാസവും കൂടി ഇവിടെ പറയേണ്ടതുണ്ടെന്ന് തോന്നുന്നു. മുസ്‌ലിം ലീഗ്, ഐ എൻ എൽ തുടങ്ങിയ സംഘടനകൾ മതത്തെയും രാഷ്ട്രീയത്തെയും ഒരു പരിധിവരെ രണ്ടായിത്തന്നെയാണ് കാണുന്നത്. കേരളത്തിന്റെ സാഹചര്യത്തിൽ, മുസ്ലിം ലീഗിനും ഐ എൻ എല്ലിനും മറ്റും പലപ്പോഴും ഇടതുപക്ഷ ജനാധിപത്യ ശക്തികളുമായി ഐക്യപ്പെടാനാകുന്നതിന്റെ മുഖ്യകാരണങ്ങളിലൊന്ന് ഇതുതന്നെയാണ്. എന്നാൽ ജമാ‌അത്തെയുടെ ലക്ഷ്യം, ഇസ്ലാമിക മതരാഷ്ട്ര സ്ഥാപനമാണ്. അതുകൊണ്ടു തന്നെ അവർക്ക് തങ്ങളുടെ യഥാർഥമുഖം അധിക കാലം മറച്ചുവെക്കാനാകില്ല. ഇസ്ലാം ഒരു രാഷ്ട്രീയ പ്രത്യയശാസ്ത്രമാണെന്നാണ് മൌദൂദിസ്റ്റുകൾ വിശ്വസിക്കുന്നത്. മതത്തിന്റെ സംസ്കാരവും പാരമ്പര്യവും ഉയർത്തിപ്പിടിച്ചുകൊണ്ട് സാംസ്കാരിക ഇസ്ലാമിന്റെ പക്ഷത്താണ് ലീഗും ഐ എൻ എല്ലും മറ്റും നിൽക്കുന്നതെങ്കിൽ, അതിന് നേർവിപരീതമായി രാഷ്ട്രീയ ഇസ്ലാമിന്റെ പക്ഷത്താണ് ജമാ‌അത്തെ നിൽക്കുന്നത്. ലോകമെങ്ങുമുള്ള മുസ്ലീങ്ങൾ ഒന്നാണെന്നും മതത്തിന്റെ അടിസ്ഥാനത്തിൽ സ്വയം രാഷ്ട്രമാകാനുള്ള അവകാശം തങ്ങൾക്കുണ്ടെന്നും അവർ വിശ്വസിക്കുന്നു. ഇതുമായി കൂട്ടി വായിക്കേണ്ട കാര്യമാണ് ആഗോള ഇസ്ലാം (Pan Islamism) എന്ന ഇവരുടെ നിലപാട്.

ഇത്തരക്കാർ പടച്ചുണ്ടാക്കുന്ന ജിഹാദിഗ്രൂപ്പുകൾക്ക് മുസ്ലിം ജനസാമാന്യത്തെ പൊതുവിൽ ഉത്തേജിപ്പിക്കുവാൻ കഴിയുന്നില്ലെങ്കിലും പിന്നണിയിൽ നിൽക്കുന്ന ഒരു ന്യൂനപക്ഷത്തെ അവരുടെ മുദ്രാവാക്യങ്ങളിലൂടെ ആകർഷിക്കാനാകുന്നുണ്ട്.

‘ഇസ്ലാം അപകടത്തിൽ’

‘പ്രവാചകനെ അപമാനിച്ചവർക്ക് ശിക്ഷനൽകുക’

‘വിധിയ്ക്കാനുള്ള അവകാശം അല്ലാഹുവിന്’

തുടങ്ങിയ മുദ്രാവാക്യങ്ങളിലൂടെ ആരുടെയും തലയും കയ്യും വെട്ടാനുള്ള അവകാശം തങ്ങൾക്കുണ്ടെന്ന് ജിഹാദികൾ പ്രഖ്യാപിക്കുന്നു. മേൽ സൂചിപ്പിച്ച നിലപാടിൽ നിന്നുകൊണ്ടാണ് ജമാ‌അത്തികൾ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായിരുന്ന ലിയാഖത്ത് അലിഖാന്റെ നെഞ്ചിലേക്ക് വെടിയുണ്ട പായിച്ചത്. മറ്റ് മതങ്ങളിലെ ‘ജിഹാദികളും’ ഇവരും തമ്മിൽ ഇത്തരം കാര്യങ്ങളിൽ പൊതുയോജിപ്പ് തന്നെയാണുള്ളത്. അതായത്, ഹിന്ദു ‘ജിഹാദികളും’ ഇവരും ഇക്കാര്യത്തിൽ ഒന്നുതന്നെയാണ്. ഹിന്ദുരാഷ്ട്രം സ്ഥാപിക്കാൻ ഗാന്ധിയുടെ നെഞ്ചിലേക്ക് ഉണ്ട പായിച്ചതും ‘സരസ്വതി ദേവിയുടെ മാനം കാക്കാൻ’ മഹാ ചിത്രകാരനായ ഹുസൈനെ നാട്ടിൽ നിന്നു പായിച്ചതും ഹിന്ദു ജിഹാദിന്റെ ‘മഹത്വം’ വിളിച്ചോതുന്നു!

രാജ്യത്തോടും ഇന്ന് നിലനിൽക്കുന്ന ഭരണത്തോടും ജമാ‌അത്തെ ഇസ്ലാമിയുടെ സമീപനമെന്തെന്ന് കൂടി സൂചിപ്പിച്ചു കൊള്ളട്ടെ. ആഗോള ഇസ്ലാം (Pan Islamism) ഉയർത്തിപ്പിടിക്കുന്നതു കൊണ്ടാണ് മാതൃ രാജ്യമെന്ന സങ്കൽപ്പത്തെ ജമാ‌അത്തികൾക്ക് അംഗീകരിക്കാൻ കഴിയാത്തത്. ഇസ്ലാം മത പാരമ്പര്യത്തോടും അതനുസരിച്ച് ജീവിച്ചുപോരുന്ന ലോകത്തെമ്പാടുമുള്ള അവരുടെ സഹോദരന്മാരോടും മാത്രമാണ് കൂറുപുലർത്തേണ്ടതെന്നാണ് മൌദൂദി പറയുന്നത്. അതേപോലെ ഇന്ന് രാജ്യത്ത് നിലനിൽക്കുന്ന ‘കിരാത ഭരണ’ത്തെ (താഗൂത്ത്)* മൌദൂദിസ്റ്റുകൾ അംഗീകരിക്കുന്നില്ല. ആയതിനാൽ, ജമാ‌അത്തെ ഇസ്ലാമിയും അവരുടെ യുവജനവിഭാഗവും ഏതെങ്കിലും തരത്തിലുള്ള പുരോഗമന സ്വഭാവം കൈക്കൊള്ളുന്നവരാണെന്ന് ധരിക്കുന്നത് അബദ്ധമായിരിക്കും.

എം എസ് ജയകുമാർ
ചോദ്യോത്തര പംക്തി,
‘കോമ്രേഡ്’ മാസിക,
ജനുവരി 2011, പേജ് 17, 18
(പുസ്തകം: 36, ലക്കം: 11)--
* ബ്രാകറ്റ് മാസികയിൽ ഉള്ളത് തന്നെ.

1 comments:

മലയാ‍ളി said... at March 1, 2011 5:32 PM
ചോദ്യകർത്താവ് കരുതുന്നതു പോലെ ജമാ‌അത്തെ ഇസ്ലാമിയോ അവരുടെ യുവജന വിഭാഗമായ സോളിഡാരിറ്റിയോ മതനിരപേക്ഷമായ നിലപാട് സ്വീകരിക്കുന്ന തരത്തിലുള്ള സംഘടകളല്ല എന്ന് ആദ്യമേ പറഞ്ഞുകൊള്ളട്ടെ. മതനിരപേക്ഷവും പുരോഗമനപരവുമായ ഒരു മുഖം‌മൂടി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ യഥാർഥമുഖം മറച്ചുവെയ്ക്കാനുള്ള ശ്രമം നടത്തി ചില ആശയക്കുഴപ്പങ്ങൾ സൃഷ്ടിക്കാൻ അവർ ശ്രമിക്കുന്നുണ്ടെങ്കിലും കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പോടെ അവരുടെ രാഷ്ട്രീയലക്ഷ്യം പടിപടിയായി വെളിപ്പെട്ടുകൊണ്ടിരിക്കുകയാണ്.

 

 

No comments:

Post a Comment