ഇബാദത്തിന്റെ സത്ത അടിമവൃത്തിയോ നിരുപാധികമായ അനുസരണമോ അല്ല. പ്രത്യുത പ്രാര്‍ഥനയോ പ്രാര്‍ഥനാ മനോഭാവമോ അഭൗതികത കല്‌പിക്കലോ ആണ്. പരിശുദ്ധഖുര്‍ആനില്‍ ദുആഅ് എന്ന പദവും ഇബാദത്ത് എന്ന പദവും പര്യായപദങ്ങള്‍ എന്ന നിലയ്‌ക്ക് ഉപയോഗിച്ചതായി കാണാം. ഏതാനും ചില ഉദാഹരണങ്ങള്‍.
``അന്ത്യദിനംവരെ അല്ലാഹുവിനെക്കൂടാതെ ഉത്തരംചെയ്യാത്തവരോട് ദുആഅ് ചെയ്യുന്നവരേക്കാള്‍ വഴിപിഴച്ചവര്‍ ആരാണ്? അവരാകട്ടെ ഇവരുടെ പ്രാര്‍ഥനയെ സംബന്ധിച്ച് അശ്രദ്ധരാണ്. ജനങ്ങള്‍ ഒരുമിച്ചുകൂട്ടപ്പെടുമ്പോള്‍ അവര്‍ ഇവര്‍ക്ക് ശത്രുക്കളാകുന്നതാണ്. അവര്‍ ഇവരുടെ ഇബാദത്തിനെ നിഷേധിക്കുന്നതുമാണ്.'' (അല്‍ അഹ്‌ഖാഫ്: 5,6)
നിങ്ങളുടെ രക്ഷിതാവ് പറയുന്നു: ``എന്നോട് നിങ്ങള്‍ പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരംചെയ്യുന്നതാണ്. നിശ്ചയമായും എനിക്ക് ഇബാദത്തുചെയ്യുന്നതിനെ വിട്ട് അഹംഭാവം നടിക്കുന്നവര്‍ നിന്ദ്യരായിക്കൊണ്ട് പിന്നീട് നരകത്തില്‍ പ്രവേശിക്കുന്നതാണ്.'' (ഗാഫിര്‍: 60)
``അദ്ദേഹം പറഞ്ഞു: താങ്കള്‍ക്ക് സമാധാനമുണ്ടാകട്ടെ. പിറകെ എന്റെ നാഥനോട് താങ്കള്‍ക്കുവേണ്ടി ഞാന്‍ പാപമോചനത്തിന്നര്‍ഥിക്കും. നിശ്ചയം അവന്‍ എന്നോട് ഔദാര്യമുള്ളവനാണ്. നിങ്ങളേയും അല്ലാഹുവിനെ കൂടാതെ നിങ്ങള്‍ ദുആ ചെയ്യുന്നവയേയും ഞാന്‍ വിട്ടുമാറുകയും എന്റെ നാഥനോട് ഞാന്‍ ദുആ ചെയ്യുകയും ചെയ്യും. എന്റെ രക്ഷിതാവിനോട് ഞാന്‍ ദുആ ചെയ്യുന്നതിനാല്‍ ഞാന്‍ ദൗര്‍ഭാഗ്യവാനാകാതിരുന്നേക്കും. അങ്ങനെ അവരേയും അല്ലാഹുവിനെ ക്കൂടാതെ അവര്‍ ഇബാദത്തെടുത്തതിനെയും വിട്ട് അദ്ദേഹം വിട്ടുമാറിയപ്പോള്‍....'' (മറിയം: 47-49)
എന്നാല്‍ പരിശുദ്ധ ഖുര്‍ആനില്‍ നിരുപാധികമായ അനുസരണം അല്ലെങ്കില്‍ അടിമത്തം എന്ന പദം പ്രയോഗിച്ച ശേഷം അതിന്റെ പര്യായപദമാണ് ഇബാദത്തെന്ന് തോന്നിപ്പിക്കുന്ന പ്രയോഗങ്ങള്‍ നമുക്ക് കാണാന്‍ സാധിക്കുകയില്ല. നബി(സ) അരുളി: ``നിശ്ചയം ദുആഅ് ആണ് ഇബാദത്ത്. ശേഷം നബി(സ) ഓതി: നിങ്ങളുടെ രക്ഷിതാവ് പറയുന്നു, നിങ്ങള്‍ എന്നെ വിളിച്ചു പ്രാര്‍ഥിക്കുക. ഞാന്‍ നിങ്ങള്‍ക്ക് ഉത്തരം നല്‍കും. നിശ്ചയം എനിക്ക് ഇബാദത്തെടുക്കാതെ അഹങ്കരിക്കുന്നവര്‍ അടുത്തുതന്നെ നിന്ദ്യരായി നരകാഗ്നിയില്‍ പ്രവേശിക്കുന്നതാണ്.'' (തുര്‍മുദി, ഇബ്‌നുമാജ, അഹ്‌മദ്)
നബി(സ) അരുളി: ``പ്രാര്‍ഥന ആരാധനയുടെ സാരാംശമാണ്'' (തുര്‍മുദി). ഈ ഹദീസ് ദുര്‍ബലമാണെങ്കിലും ഇതിന്റെ ആശയത്തെ നാം മുകളില്‍ ഉദ്ധരിച്ച സൂക്തങ്ങളും ഹദീസും സ്ഥിരപ്പെടുത്തുന്നു.
ഇമാം റാസി(റ) എഴുതി: ``ഇബാദത്തിന്റെ സാരാംശം പ്രാര്‍ഥനയാണെന്ന് നബി(സ) പറഞ്ഞിട്ടുണ്ട്'' (റാസി 5: 99). ഇബ്‌നുഅറബി (റ) എഴുതി: ``നിശ്ചയം പ്രാര്‍ഥന ഇബാദത്തിന്റെ ആത്‌മാവാണ്'' (തുഹ്‌ഫതുല്‍ അഹ്‌മദി: 3-223). പ്രാര്‍ഥന ഇബാദത്തിന്റെ സാരാംശമാണെന്ന ഹദീസ് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ ആദ്യകാലത്ത് സ്വഹീഹായി അംഗീകരിച്ചിരുന്നു. (പ്രബോധനം മാസിക, ഫെബ്രുവരി 1, 1955 സുന്നത്ത് പംക്തി; പ്രബോധനം വാരിക, വാള്യം 54, ലക്കം 16, ഒക്‌ടോബര്‍ 1997) നബി(സ) അരുളി: ``ഹജ്ജ് അറഫായില്‍ നില്‍ക്കലാണ്.''
അതായത് അറഫായില്‍ നില്‍ക്കാത്തപക്ഷം സ്വഫാ- മര്‍വയിലൂടെയുള്ള പ്രദക്ഷിണം, കഅ്‌ബയെ പ്രദക്ഷിണംചെയ്യല്‍, മുസ്‌ദലിഫയില്‍ നില്‍ക്കല്‍, കല്ലെറിയല്‍ ഇവയൊക്കെ ചെയ്‌താലും അത് ഹജ്ജ്‌കര്‍മമായി പരിഗണിക്കപ്പെടുകയോ ഹജ്ജ് സ്വീകാര്യമായി അംഗീകരിക്കപ്പെടുകയോ ചെയ്യുകയില്ല. അറഫായില്‍ നില്‍ക്കുന്നപക്ഷം ഇവയെല്ലാം ഹജ്ജിന്റെ ഭാഗമായി പരിഗണിക്കപ്പെടുന്നു. ഹജ്ജ് സ്വഹീഹാകുന്നു. നമസ്‌കാരം, നോമ്പ്, സകാത്ത്, ഹജ്ജ് എന്നിവയില്‍ പ്രാര്‍ഥന ഉള്‍പ്പെടാത്തപക്ഷം അവയൊന്നും ഇബാദത്തായി പരിഗണിക്കപ്പെടുകയില്ല. കേവലം ഒരു ശാരീരികവ്യായാമമോ സാമ്പത്തികവ്യായാമമോ ആയിട്ടു മാത്രമേ പരിഗണിക്കപ്പെടുകയുള്ളൂ. ഇലാഹാക്കുക എന്ന ഉദ്ദേശമോ ഇബാദത്തെടുക്കുക എന്ന ഊഹമോ പ്രാര്‍ഥിക്കുക എന്ന ഉദ്ദേശ്യമോ ഇല്ലെങ്കിലും ഫലത്തില്‍ ഇവ സംഭവിച്ചാല്‍ ഇബാദത്തും ശിര്‍ക്കുമായിത്തീരുന്നതാണ്. ഈ സംഗതി മുജാഹിദ് പ്രസ്ഥാനം എന്നും പ്രസ്‌താവിച്ചതാണ്.
അദൃശ്യരായ വ്യക്തികളെ വിളിച്ച് സഹായം തേടി, അല്ലെങ്കില്‍ മരണപ്പെട്ടവരെ വിളിച്ച് സഹായംതേടി, ഇവിടെ അവര്‍ക്ക് ഇബാദത്തെടുക്കുകയാണ് അല്ലെങ്കില്‍ അവരെ വിളിച്ച് പ്രാര്‍ഥിക്കുകയാണ് അല്ലെങ്കില്‍ അവര്‍ക്ക് അദൃശ്യകഴിവ് സ്ഥാപിക്കുകയാണ് എന്ന ഉദ്ദേശ്യമില്ലെങ്കിലും ഫലത്തില്‍ ഇവയെല്ലാം സംഭവിക്കുന്നതിനാല്‍, ഇത് ഇബാദത്തും ശിര്‍ക്കുമാണ്; കേവലം സഹായം തേടുകയാണെന്ന ഉദ്ദേശ്യമേയുള്ളൂ എങ്കിലും. അപ്പോള്‍ ബദ്‌രീങ്ങളേ രക്ഷിക്കണേ, ഈസാനബിയേ സഹായിക്കണേ എന്ന് ഒരാള്‍ സഹായം മാത്രം ഉദ്ദേശിച്ച് വിളിച്ചാലും, അഭൗതികത കല്‌പിക്കുകയാണെന്ന വിചാരമോ പ്രാര്‍ഥിക്കുകയാണന്ന വിചാരമോ ഇല്ലെങ്കിലും ഇതു അഭൗതികത കല്‍പിക്കലും പ്രാര്‍ഥിക്കലുമായതിനാല്‍ ഇബാദത്തും ശിര്‍ക്കുമാകുന്നു. ദുആ ഇബാദത്തിന്റെ മജ്ജയാണെന്ന് നബി(സ) അരുള്‍ചെയ്‌തിരിക്കുന്നു. (പ്രബോധനം മാസിക, 1968 ജൂണ്‍, പേജ് 30)
തര്‍ക്കത്തിന്റെ മര്‍മം
ഇബാദത്തിന്റെ അര്‍ഥം സംബന്ധിച്ച തര്‍ക്കം മുജാഹിദ്, ജമാഅത്ത് വിഭാഗങ്ങള്‍ക്കിടയില്‍ ഉല്‍ഭവിക്കാനുള്ള കാരണമെന്ത്? ഇതാണ് നമ്മുടെ ചര്‍ച്ചയുടെ മര്‍മം. ``ദീന്‍ എന്നതിന്റെ ശരിയായ അര്‍ഥം സ്‌റ്റെയ്‌റ്റ് എന്നാണ്. ആ നിയമവ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിനാണ് ഇബാദത്ത് എന്ന് പറയുന്നത്'' (ഖുതുബാത്ത്, പേജ്: 395). ``അടിമവൃത്തി എന്നും ഇബാദത്തിന്ന് അര്‍ഥമുണ്ട്. അപ്പോള്‍ ഇസ്‌ലാമിക സ്റ്റെയ്‌റ്റ് അല്ലാത്ത സ്റ്റെയ്‌റ്റില്‍ നാം ജീവിക്കുമ്പോള്‍ നമ്മുടെ സേവനം ഈ സ്റ്റെയ്‌റ്റിന്ന് വന്നുപോകരുത്. അതിനാല്‍ ഇസ്‌ലാമിക ഭരണമില്ലാത്ത ഒരു രാജ്യത്തു നാം ജീവിക്കുകയാണെങ്കില്‍ അല്ലാഹുവിന്ന് മാത്രം ഇബാദത്ത് അര്‍പ്പിച്ച് ജീവിക്കുവാന്‍ സാധ്യമല്ല. മുജാഹിദുകളും ജമാഅത്തെ ഇസ്‌ലാമിക്കാരും വരെ ശിര്‍ക്കില്‍ നിന്ന് മോചിതരല്ല. പന്നിമാംസം നിര്‍ബന്ധിതാവസ്ഥയില്‍ ഭക്ഷിക്കുന്നതുപോലെ ഭക്ഷിക്കുകയാണ്. താഗൂത്തിന്റെ പരിധിയില്‍ ഇന്ത്യന്‍ ജനാധിപത്യവും ഉള്‍പ്പെടുന്നു. ഖുര്‍ആനില്‍ താഗൂത്തിനുള്ള ഇബാദത്ത് പറഞ്ഞ സ്ഥലങ്ങളിലെല്ലാം ഉദ്ദേശിക്കുന്നത് അനുസരണവും അടിമവൃത്തിയുമാണ് (ഇസ്‌ലാമിലെ ഇബാദത്ത്). പാര്‍ലമെന്റിലും അസംബ്ലിയിലും അംഗമാകലും തിരഞ്ഞെടുപ്പില്‍ പങ്കെടുക്കലും വോട്ടു ചെയ്യലും സര്‍ക്കാര്‍ജോലി ചെയ്യലും എല്ലാം തൗഹീദിന്ന് എതിരാണ്. കാരണം ഇതെല്ലാം താഗൂത്തിന് സേവനം ചെയ്യലാണ്, അടിമവൃത്തി ചെയ്യലാണ്. ഇവിടെയും നമ്മളില്‍ ശിര്‍ക്ക് വരുന്നു.'' ഈ വാദം സ്ഥിരപ്പെടുത്തുവാന്‍ വേണ്ടിയാണ് ഇവര്‍ ഇബാദത്തിന്റെ അര്‍ഥത്തിലുള്ള തര്‍ക്കം സമൂഹത്തിന്റെ മുന്നില്‍ വലിച്ചിട്ടത്. മുജാഹിദുകളായിരുന്നില്ല ഈ തര്‍ക്കത്തിന്ന് തുടക്കം കുറിച്ചത്. മുമ്പ് തൗഹീദിനു വിരുദ്ധമെന്ന് പറഞ്ഞിരുന്നതെല്ലാം പിന്നീട് ഇവര്‍ ഹലാലാക്കി. അനുസരണത്തിന്നും അടിമവൃത്തിക്കും പല നിബന്ധനകള്‍ വെച്ചു. കള്ളും ചൂതാട്ടവും ഹലാലാക്കുന്ന വിഷയത്തില്‍ വരെ താഗൂത്തു ഗവണ്‍മെന്റിനെ അനുസരിച്ചാല്‍ ശിര്‍ക്കാവുകയില്ലെന്നും പരമാധികാരം നല്‍കിയാല്‍ മാത്രമേ ശിര്‍ക്ക് വരികയുള്ളൂ എന്നും പ്രഖ്യാപിച്ചു. അതിനാല്‍ ഇബാദത്തിന്റെ അര്‍ഥത്തിലുള്ള തര്‍ക്കത്തിന് ഇന്ന് പ്രസക്തിയില്ലെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. ഇന്ത്യയിലെ മുസ്‌ലിംകള്‍ വിശിഷ്യാ മുജാഹിദുകള്‍ പരമാധികാരം ഇന്ത്യന്‍ സര്‍ക്കാറിന്ന് നല്‍കിയിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യം, ജമാഅത്തുകാര്‍ അതിനെ നിഷേധിച്ചാലും. മുജാഹിദുകള്‍ ചെയ്യുന്ന ശിര്‍ക്ക് ഏതാണ്? അവരുടെ വിശ്വാസത്തില്‍ ഉള്‍പ്പെടുന്ന ശിര്‍ക്ക് ഏതാണ്? ഈ ഒരു പോയിന്റ് മാത്രം കേന്ദ്രീകരിച്ച് `മുഖാമുഖം' നടത്തുവാന്‍ ജമാഅത്തുകാര്‍ തയ്യാറുണ്ടോ? ഇതാണ് നമ്മുടെ ചര്‍ച്ചാവിഷയം. മര്‍മത്തില്‍ നിന്ന് ജനശ്രദ്ധ തെറ്റിക്കുവാന്‍ ഇബാദത്തിന്റെ പദത്തിലുള്ള അര്‍ഥ തര്‍ക്കത്തിലേക്ക് ഇവര്‍ നമ്മെ വലിച്ചുകൊണ്ടു പോകാന്‍ ഉദ്ദേശിക്കുകയാണ്. ഇവരുടെ കുബുദ്ധി നാം മനസ്സിലാക്കേണ്ടതുണ്ട്.
അടിമവൃത്തിയും ഇബാദത്തും
അടിമവൃത്തിയെ ഇപ്രകാരം വിഭജിക്കാം: സൃഷ്‌ടി സൃഷ്‌ടികര്‍ത്താവ് എന്ന നിലയ്‌ക്കുള്ള അടിമത്തം, എന്റെ മേല്‍ എന്തു കല്‍പ്പിക്കുവാനും എന്തു നിരോധിക്കാനും നിരുപാധികം അധികാരമുണ്ടെന്ന് അംഗീകരിച്ചുകൊടുത്തുകൊണ്ടുള്ള അടിമത്തം, കേവല അടിമത്തം.
ഇതില്‍ ഒന്നും രണ്ടും വിഭാഗത്തില്‍പെട്ട അടിമത്തം അല്ലാഹുവിന്ന് മാത്രമേ നാം അനുവദിച്ചുകൊടുക്കാന്‍ പാടുള്ളൂ. മറ്റുള്ളവര്‍ക്ക് അംഗീകരിച്ചുകൊടുത്താല്‍ അത് അവര്‍ക്കുള്ള ഇബാദത്തും ശിര്‍ക്കുമായിത്തീരുന്നു. ഈ യാഥാര്‍ഥ്യം മുജാഹിദുകള്‍ എന്നല്ല സര്‍വ മുസ്‌ലിംകളും സമ്മതിക്കുന്ന ഒന്നാണ്. ഈ രീതിയിലുള്ള അടിമത്തം ഇബാദത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുമെന്ന് മുസ്‌ലിം പണ്‌ഡിതന്‍മാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഖുര്‍ആനില്‍ വന്നിട്ടുമുണ്ട്. എന്നാല്‍ ഈ രീതിയിലുള്ള അടിമത്തം അല്ലാഹുവിന്ന് മാത്രമേ പാടുള്ളൂവെന്ന് മുജാഹിദുകള്‍ അംഗീകരിക്കുന്നില്ലെന്നു തെറ്റിദ്ധരിപ്പിക്കാനുള്ള ഹീനമായ ശ്രമമാണ് ജനാബ് കെ സി അബ്‌ദുല്ല മൗലവി `ഇബാദത്ത് ഒരു സമഗ്ര പഠനം' എന്ന പുസ്‌തകത്തില്‍ നടത്തുന്നത്. മനുഷ്യര്‍ ദൈവത്തിന്റെ അടിമകളാണെന്ന് സ്ഥാപിക്കുവാന്‍ ഈ പണ്‌ഡിതന്‍ ധാരാളം ആയത്തുകള്‍ ഉദ്ധരിക്കുന്നു (പേജ് 264 മുതല്‍). ഇത് ശൂറാ കമ്മിറ്റിയെ ബോധ്യപ്പെടുത്താന്‍ വേണ്ടിയായിരിക്കുമെന്ന് വിചാരിക്കുന്നു.
ഇസ്‌ലാം ഒരു സ്വതന്ത്രനെ പിടിച്ച് അടിമയാക്കുന്നത് ഒരിക്കലും അനുവദിക്കുന്നില്ല. ഇങ്ങനെ ചെയ്യുന്നവര്‍ സ്വര്‍ഗത്തിന്റെ വാസന പോലും അനുഭവിക്കുകയില്ലെന്ന് പ്രവാചകന്‍ പ്രഖ്യാപിക്കുകയുണ്ടായി (ബുഖാരി). എന്നാല്‍ ഒരാള്‍ ഇപ്രകാരം മറ്റൊരാളെ അടിമയാക്കി അടിമവൃത്തി ചെയ്യിപ്പിച്ചാല്‍ അടിമവൃത്തി ചെയ്യുന്നവന്‍ മുശ്‌രിക്ക് എന്നല്ല, പാപിപോലും ആകുന്നില്ല. അവനില്‍ നിന്ന് ഒരു തെറ്റും സംഭവിക്കുന്നില്ല. യഥാര്‍ഥത്തില്‍ അടിമവൃത്തിയല്ല; യജമാനവൃത്തിയാണ് ഇവിടെ തെറ്റാകുന്നത്.
``ഇന്ത്യന്‍ സര്‍ക്കാര്‍ താഗൂത്താണ്. താഗൂത്തിന്ന് ഇബാദത്ത് ചെയ്യരുതെന്ന് പറഞ്ഞതിന്റെ വിവക്ഷ അടിമവൃത്തി ചെയ്യരുതെന്നാണ്. ഇവിടെ ഇബാദത്തില്‍ ആരാധന ഉള്‍പ്പെടുന്നില്ല. അതിനാല്‍ നാം സര്‍ക്കാര്‍ ജോലി ചെയ്യുമ്പോള്‍ സര്‍ക്കാറിന്ന് സേവനം അനുഷ്‌ഠിക്കുന്നു. അടിമവൃത്തി ചെയ്യുന്നു. അനുസരണം കാണിക്കുന്നു. ഇത് അവര്‍ക്കുള്ള ഇബാദത്താണ്; ആരാധന ചെയ്യുന്നില്ലെങ്കിലും. അതിനാല്‍ ഇത്തരം സര്‍ക്കാറിനെ മറിച്ചിടുക എന്നതാണ് പ്രധാന ബാധ്യത.'' ഈ സിദ്ധാന്തം `ഖുതുബാത്തി'ല്‍ സമര്‍ഥിക്കുന്നു. ഇത് സ്ഥാപിച്ചെടുക്കുവാനാണ് അടിമവൃത്തി എന്ന അര്‍ഥം ഇബാദത്തിനുണ്ടോ എന്ന തര്‍ക്കവും ഇവര്‍ സജീവമാക്കിയത്. ഇന്ന് ഇവര്‍ എവിടെ നില്‍ക്കുന്നു? മറ്റുള്ളവര്‍ ഇന്ത്യന്‍ സര്‍ക്കാറിനെ അനുസരിക്കുന്നതിലുപരിയായി ഞങ്ങള്‍ അനുസരിക്കുമെന്ന് ഇവരുടെ അമീര്‍ തന്നെ പ്രഖ്യാപിച്ചതാണ്. ശിര്‍ക്കിന്ന് അംഗീകാരം നല്‍കുന്ന പ്രസ്‌താവന നിര്‍ബന്ധിതാവസ്ഥയില്‍ പുറപ്പെടുവിച്ചതാണെന്നു വ്യാഖ്യാനിച്ചേക്കാം.
ഇബാദത്തിന്റെ നിര്‍വചനം
ഇബാദത്തിന്നും ശിര്‍ക്കിന്നും മലയാളത്തില്‍ നിര്‍വചനം പറയുകയോ സമാന പദം പ്രയോഗിക്കുകയോ ചെയ്യണമെന്ന വാശി മുജാഹിദ് പ്രസ്ഥാനത്തിനില്ല. ഇബാദത്ത് എന്താണെന്ന് വിശദമായി മനസ്സിലാക്കി മുസ്‌ലിംകള്‍ അല്ലാഹുവിന്ന് മാത്രം ഇബാദത്തെടുക്കുകയും എല്ലാതരം ശിര്‍ക്കില്‍ നിന്നും വിശ്വാസത്തെയും കര്‍മത്തെയും പരിപൂര്‍ണമായി മോചിപ്പിക്കുകയും ചെയ്‌താല്‍ മതി. ഈ കാര്യത്തിലാണ് മുജാഹിദുകള്‍ നിഷ്‌കര്‍ഷ പുലര്‍ത്തുന്നത്. എന്നാല്‍ മലയാളത്തില്‍ ഒരര്‍ഥം നാം ഇബാദത്തിന്ന് നല്‍കുകയാണെങ്കില്‍ ആരാധന എന്നര്‍ഥം നല്‍കുന്നതാണ് ഏറ്റവും അനുയോജ്യമായിട്ടുള്ളത്; നിരുപാധികമായ അനുസരണം, നിരുപാധികമായ അടിമത്തം എന്നെല്ലാം പറയുന്നതിനെക്കാളും ഈ യാഥാര്‍ഥ്യം ജമാഅത്തെ ഇസ്‌ലാമി തന്നെ സമ്മതിച്ചതു ശ്രദ്ധിക്കാം:
1 ``എന്നാല്‍ ഇബാദത്തിന്ന് സമാനമായി ഒരു മലയാളശബ്‌ദംതന്നെ വേണമെന്നുണ്ടെങ്കില്‍ അതില്‍ ഏറ്റവും ഉചിതമായ പദം ആരാധനതന്നെയാണ്. കാരണം ഇബാദത്തിന്റെ ആശയം ആരാധനയോളം ഉള്‍ക്കൊള്ളാന്‍ പര്യാപ്‌തമായ മറ്റൊരു പദം കാണാനില്ല. ആരാധനയ്‌ക്ക് ഇന്നറിയപ്പെടുന്ന പൂജ, സേവ എന്നിവയില്‍ കവിഞ്ഞ അര്‍ഥതലങ്ങളുണ്ടെന്നും വിഗ്രഹാരാധനയുടെ വളര്‍ച്ചയാല്‍ അത് ചുരുങ്ങിപ്പോയതാണെന്നും ആധികാരിക ഭാഷാഗ്രന്ഥമായ മലയാളം ലക്‌സിക്കനും സര്‍വവിജ്ഞാനകോശവും വ്യക്തമാക്കുന്നുമുണ്ട്. അതുകൊണ്ട് ആരാധന എന്ന പദത്തിന്റെ വിവക്ഷിതത്തില്‍ ഇബാദത്തിന്റെ ആശയം പൂര്‍ണമായി ആരോപിക്കുന്നതില്‍ അപാകതയൊന്നുമില്ല. എന്നാല്‍ അത് ചെയ്യാതെ ആരാധനയെ ഇന്നറിയപ്പെടുന്ന സാധാരണ അര്‍ഥത്തിലെടുത്ത് ഇബാദത്തിന്റെ സമാന ശബ്‌ദമായുപയോഗിക്കുന്നതു തികച്ചും തെറ്റാണ്.'' (പ്രബോധനം വാരിക, സെപ്‌തംബര്‍ 17, 1998, പ്രശ്‌നവും വീക്ഷണവും)
അല്ലാഹുവല്ലാത്തവര്‍ക്ക് നാം അര്‍പ്പിച്ചാല്‍ അല്ലെങ്കില്‍ നാം അംഗീകരിച്ചാല്‍ ഇബാദത്തും ശിര്‍ക്കുമാകുന്ന എന്തെല്ലാം സംഗതികള്‍ ഉണ്ടോ അവയെല്ലാം നിങ്ങള്‍ ആരാധനയില്‍ ഉള്‍പ്പെടുത്തിക്കൊള്ളുക. ശിര്‍ക്കും കുഫ്‌റുമാകാത്ത സംഗതികള്‍ ആരാധനയില്‍ കുത്തിക്കയറ്റരുത്; നിങ്ങള്‍ ആദ്യം കുത്തിക്കയറ്റി മുസ്‌ലിംകളെ തെരഞ്ഞെടുപ്പില്‍ നിന്നും സര്‍ക്കാര്‍ ജോലിയില്‍നിന്നും മറ്റും പിന്തിരിപ്പിച്ചതുപോലെ. ക്രിസ്‌ത്യാനികള്‍ പുരോഹിതന്‍മാരെ റബ്ബുകളാക്കി എന്നു പറഞ്ഞ ആയത്തിലും ദൈവനാമം ഉച്ചരിച്ച് അറുക്കാത്തത് ക്ഷഭിക്കുന്നതിനെ സംബന്ധിച്ച് തര്‍ക്കിക്കുന്നവരെ അനുസരിച്ചാല്‍ മുശ്‌രിക്കുകളാകും എന്ന് പറഞ്ഞ ആയത്തിലും ആരാധനയെവിടെ എന്ന് ചോദിച്ച് ഇനിയെങ്കിലും ബഹളം കൂട്ടരുത്. തത്വത്തില്‍ നമ്മുടെ ഇടയില്‍ ഭിന്നതയില്ലല്ലോ. ഇബാദത്തിനെ ആരാധനയില്‍ പരിമിതപ്പെടുത്തി എന്ന് പറഞ്ഞും ബഹളംകൂട്ടരുത്. നിങ്ങളും ഞങ്ങളും ലോകത്തെ സര്‍വ മുസ്‌ലിംകളും മുശ്‌രിക്കുകളാണെന്ന് വരുത്തിത്തീര്‍ക്കുന്ന ആശയങ്ങള്‍ ആരാധനയില്‍ ഉള്‍പ്പെടുത്തരുത്. കാരണം, ഒരു ചാണ്‍ സ്ഥലത്തുപോലും ശരിയായ ഇസ്‌ലാമിക ഭരണമില്ലെന്ന് നിങ്ങള്‍തന്നെ എഴുതിയതാണ്. മറ്റു ഭരണകൂടങ്ങള്‍ക്കുള്ള അനുസരണമെല്ലാം നിങ്ങളുടെ ഇബാദത്ത് നിര്‍വചനപ്രകാരം ശിര്‍ക്കാണല്ലോ.
``മുഹമ്മദ് നബിയെ നിരുപാധികമായി അനുസരിക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെ സാഹിത്യങ്ങളില്‍ തന്നെ നിര്‍ദേശിക്കുന്നതു കാണാം.'' (ജമാഅത്തെ ഇസ്‌ലാമി: ലക്ഷ്യം, മാര്‍ഗം, പേജ് 72)
ഭരണഘടനയിലും നിരുപാധികമായി നബി(സ)യെ അനുസരിക്കണമെന്ന് പറയുന്നു. എന്നാല്‍ എവിടെയും ആരാധിക്കണമെന്ന് പറയുന്നില്ല. ഈ നിലയ്‌ക്കും ആരാധനയെന്ന് ഇബാദത്തിന്ന് അര്‍ഥം നല്‍കുന്നതാണ് ഏറ്റവും നല്ലത്. നിരുപാധികമായ അനുസരണം എന്നര്‍ഥം നല്‍കിയാല്‍ ധാരാളം വ്യാഖ്യാനിക്കേണ്ടിവരും; `മുഖാമുഖ'ത്തില്‍ വ്യാഖ്യാനിച്ചതു പോലെ.
ഇബാദത്തിലെ വൈരുദ്ധ്യങ്ങള്‍
ഇബാദത്തിന്റെ ആശയത്തില്‍ മുജാഹിദുകള്‍ക്കിടയില്‍ ഭിന്നതയുണ്ടെന്ന് സ്ഥാപിക്കുവാനും ഇവര്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ ഇവരുടെ യിടയില്‍ ഈ പ്രശ്‌നത്തില്‍ യോജിപ്പുണ്ടോ? നമുക്ക് പരിശോധിക്കാം.
1. ``ഇബാദത്തിന്ന് ഏറ്റവും ഉചിതമായപദം ആരാധനതന്നെയാണ്'' (പ്രബോധനം സെപ്‌തംബര്‍ 17, 1998)
എന്നാല്‍ ചിലര്‍ വാശിപിടിച്ച് ഈ അര്‍ഥം ഒഴിവാക്കുവാന്‍ ശ്രമിക്കുന്നത് കാണുക:
2. ``പ്രാര്‍ഥന ഇബാദത്തു (അടിമവൃത്തി) തന്നെയാണ്. പ്രാര്‍ഥന അടിമവൃത്തിയുടെ ഞണമാണ് എന്നൊക്കെ നബി(സ) അരുള്‍ ചെയ്‌തതിന്റെ രഹസ്യം അതുതന്നെയാണ്.'' (പ്രബോധനം മാസിക, പുസ്‌തകം 8, ലക്കം 3)
അല്ലാഹുവിന്റെ നിയമങ്ങള്‍ മാറ്റിമറിക്കുവാനുള്ള അവകാശം ഒരാള്‍ക്കു നല്‍കി അവനെ അനുസരിച്ചാല്‍ ആ അനുസരണം ഇബാദത്തും ശിര്‍ക്കുമാണെന്ന് പറഞ്ഞപ്പോള്‍ പ്രാര്‍ഥന എവിടെയെന്ന് ചോദിച്ച് ബഹളം കൂട്ടുന്നവരാണ് അടിമവൃത്തിയുടെ മജ്ജപോലും പ്രാര്‍ഥനയാണെന്ന് എഴുതിവിടുന്നത്!
3. ``ഇബാദത്തിന്റെ അര്‍ഥം അടിസ്ഥാനത്തില്‍ അടിമവൃത്തിയെന്നാണര്‍ഥം.'' (ഇസ്‌ലാം മതം, പേ. 6)
4. ``അല്ലാഹുവിനുള്ള ഇബാദത്തു ചെയ്യുക എന്നതിന്റെ അനിവാര്യ താല്‌പര്യം നിയമവും വ്യവസ്ഥിതിയും ആവിഷ്‌കരിക്കുവാനുള്ള മൗലികമായ അവകാശം അവന്ന് മാത്രമേ വകവെച്ചു കൊടുക്കാവൂ എന്നതാണ്''. (ശിര്‍ക്ക്, പേജ് 67)
5. ``അതിനാല്‍ ഇബാദത്ത് എന്നാല്‍ താഴ്‌മയോടുകൂടിയ അനുസരണമെന്ന് തന്നെയാണര്‍ഥം'' (ഇബാദത്ത്: സംശയവും മറുപടിയും).
6. ``ഇബാദത്ത് കൊണ്ടുദ്ദേശിക്കപ്പെട്ടത് അടിമവൃത്തിയാകുന്നു.'' (ഖുതുബാത്ത്, പേജ് 394)
7. ``കേസുകള്‍, വഴക്കുകള്‍ മുതലായവയില്‍ അയാളുടെ നിര്‍ദേശമനുസരിച്ച് തന്നെ നടപ്പാക്കുകയും ആജ്ഞകളുടെ മുന്നില്‍ തലകുനിക്കുകയുമാണെങ്കില്‍ അതിന്ന് ഇബാദത്ത് (അടിമവൃത്തി) എന്ന് പറയുന്നു.'' (ഖുതുബാത്ത്, പേജ് 394)
8. ``ഈ വിശദീകരണത്തില്‍ നിന്ന് ദീന്‍ എന്നാല്‍ യഥാര്‍ഥത്തില്‍ സ്റ്റെയ്‌റ്റ് (ടമേലേ) ആണെന്നും ശരീഅത്ത് ആ സ്റ്റെയ്‌റ്റിന്റെ നിയമവ്യവസ്ഥയാണെന്നും ആ നിയമവ്യവസ്ഥയനുസരിച്ച് ജീവിതം നയിക്കുന്നതിനാണു ഇബാദത്ത് എന്നു പറയുന്നതെന്നുമുള്ള സംഗതി വ്യക്തമാകുന്നതാണ്.'' (ഖുതുബാത്ത്, പേജ് 395)
9. ``ദൈവത്തിന്റെ നാലാമത്തെ അവകാശം മനുഷ്യന്‍ അവനെ മാത്രം ആരാധിക്കുക എന്നതാണ്.'' (ഇസ്‌ലാംമതം, പേജ് 184)
10. ``അബദ' എന്ന ധാതുവില്‍ നിന്നുളവായ ഒരു ശബ്‌ദമാണ് ഇബാദത്ത്. അബ്ദ് എന്നാല്‍ അടിമ, ദാസന്‍ എന്നൊക്കെയാണര്‍ഥം. (ഇസ്‌ലാമിന്റെ രാഷ്‌ട്രീയ സിദ്ധാന്തം, പേജ് 13)
ഈ മൗദൂദി സാഹിബ്‌തന്നെ തന്റെ പ്രസിദ്ധ ഗ്രന്ഥമായ ഖുതുബാത്തില്‍ പറയുന്നത് അബ്‌ദ്(അടിമ) എന്ന നാമത്തില്‍ നിന്നാണ് ഇബാദത്ത് ഉണ്ടായിട്ടുള്ളതെന്നും അതിനാല്‍ ഇബാദത്തിന്റെ അര്‍ഥം അടിമവൃത്തി, അടിമവേല എന്നിങ്ങനെ ആയിത്തീര്‍ന്നുവെന്നുമാണ്. (ഖുതുബാത്ത്, പേ 135). ഈ വ്യാഖ്യാനപ്രകാരം ഇബാദത്തിന് ആരാധന എന്നയര്‍ഥം ഇല്ലാതാകുന്നു.
12. ``ഇബാദത്തിന്ന് ആരാധനയെന്നര്‍ഥമുള്ളതുപോലെ ഇത്താഅത്ത് എന്നര്‍ഥവുമുണ്ടെന്നേ പണ്ടുതന്നെ ജമാഅത്തെ ഇസ്‌ലാമി വാദിച്ചിട്ടുള്ളൂ.'' (പ്രബോധനം മാസിക, 1972 ആഗസ്റ്റ്)
13. ``പ്രായോഗികരംഗത്തു ജൂതന്‍മാര്‍ ദൈവേതരന്‍മാര്‍ക്കു ഇബാദത്തും ആരാധനയും ചെയ്‌തിരുന്നു.'' (ഇ. ഇബാദത്ത്, പേജ് 68)
14. ``ഇബാദത്ത് എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരറബിയുടെ ഹൃദയത്തില്‍ അടിമത്തമെന്ന ധാരണയാണ് പ്രഥമമായും ഉദയംചെയ്യുക എന്നതില്‍ സംശയമില്ല. അനന്തരം അവന്റെ അന്തരംഗത്തില്‍ അടിമത്തത്തോടനുബന്ധിച്ചു അനുസരണമെന്ന വിഭാവനയും അങ്കുരിക്കുന്നു.'' (ഇസ്‌ലാമിലെ ഇബാദത്ത്, പേജ് 17)
15. ``ഇബാദത്തിന്റെ വിവക്ഷ അവരുടെ പക്കല്‍ ആരാധനയെന്നതില്‍ കവിഞ്ഞ് ഒന്നുമായിരുന്നില്ല. ഇബാദത്ത്(ആരാധന) അല്ലാഹുവിന്, ഇത്വാഅത്ത്(അനുസരണം) സ്വദേഹങ്ങള്‍ക്ക്, അല്ലെങ്കില്‍ മറ്റു സൃഷ്‌ടികള്‍ക്ക്. ഇതാണവര്‍ സ്വീകരിച്ച നയം.'' (ശിര്‍ക്ക്, പേജ് 42)
16. ``ചുരുക്കത്തില്‍ കീഴ്‌വണക്കത്തോടും വിനയത്തോടും കൂടിയുള്ള അനുസരണം എന്നതാണ് ഇബാദത്തിന്റെ അടിസ്ഥാനാര്‍ഥം.'' (ഇസ്‌ലാമിലെ ഇബാദത്ത്, പേജ് 18)
അങ്ങേയറ്റത്തെ താഴ്‌മയും വിനയവും എന്ന് പണ്‌ഡിതന്‍മാര്‍ നിര്‍വചനം പറഞ്ഞത് ഇവര്‍ നിരുപാധികമായ അനുസരണം എന്ന് തെറ്റിദ്ധരിച്ചതാണ്. യഥാര്‍ഥത്തില്‍ ഇവരണ്ടും തമ്മില്‍ വളരെയധികം വ്യത്യാസമുണ്ട്. അറേബ്യയിലെ മുശ്‌രിക്കുകള്‍ ആരാധിച്ചിരുന്നവയെ നമുക്ക് പരിശോധിക്കാം.
മരണപ്പെട്ടുപോയ പ്രവാചകന്‍മാരുടെയും പുണ്യവാളന്‍മാരുടെയും വിഗ്രഹങ്ങള്‍: ഇവിടെ ഇബാദത്തിന്ന് നിരുപാധികമായ അനുസരണം എന്നര്‍ഥം നല്‍കുവാന്‍ പറ്റില്ല. കാരണം കല്‌പനയുണ്ടെങ്കില്‍ മാത്രമേ അനുസരണം ഉണ്ടാവുകയുള്ളൂ. അചേതനവസ്‌തുക്കള്‍ കല്‌പന പുറപ്പെടുവിക്കുകയില്ല.
കേവലം വിഗ്രഹങ്ങളെയായിരുന്നില്ല ഇവര്‍ ഉദ്ദേശിച്ചിരുന്നത്; അവ പ്രതിനിധാനം ചെയ്‌തിരുന്ന നബിമാരെയും പുണ്യവാളന്‍മാരെയുമായിരുന്നു. അവരെ ഇവര്‍ നിരുപാധികം അനുസരിച്ചിരുന്നുവെങ്കില്‍ അവര്‍ക്ക് ഇബാദത്തെടുക്കുമായിരുന്നില്ല. കാരണം, അവരെല്ലാം തങ്ങള്‍ക്കു ഇബാദത്തെടുക്കുന്നതിനെ കര്‍ശനമായി നിരോധിച്ചവരാണ്.
മലക്കുകള്‍: മലക്കുകളെ ഇവര്‍ നിരുപാധികമായി അനുസരിക്കുവാന്‍ ഇവര്‍ക്ക് മലക്കുകള്‍ കല്‌പന നല്‍കിയിട്ടില്ല. നിരുപാധികമായി മലക്കുകളെ ഇവര്‍ അനുസരിച്ചിരുന്നുവെങ്കില്‍ ഇവര്‍ മലക്കുകള്‍ക്ക് ഇബാദത്തെടുക്കുകയുമില്ല.
ജീവികള്‍, നദികള്‍ പോലുള്ള പ്രകൃതിശക്തികള്‍: ഇവിടെയും ഇബാദത്തിന്ന് നിരുപാധികമായ അനുസരണം എന്നര്‍ഥം കല്‌പിക്കുവാന്‍ പറ്റുകയില്ല. കാരണം ഇവയെ നിരുപാധികമായി അനുസരിക്കണമെങ്കില്‍ ഇവയെല്ലാം കല്‌പന പുറപ്പെടുവിക്കണം.
മഹാത്മാക്കളുടെ ഖബ്‌റുകള്‍: ഇവിടെയും ഇബാദത്തിന് അനുസരണം എന്ന അര്‍ഥം കല്‌പിക്കുവാന്‍ പറ്റുകയില്ല.
സൂര്യന്‍, ചന്ദ്രന്‍ പോലെയുള്ള ഗോളങ്ങള്‍: ഇവിടെയും ഇബാദത്തിന് നിരുപാധികമായ അനുസരണം എന്ന് അര്‍ഥം കല്‌പിക്കുവാന്‍ കഴിയില്ല.
ജീവിച്ചിരിക്കുന്ന താഗൂത്തുകള്‍: ഇവിടെ നിരുപാധികമായ അനുസരണം എന്നര്‍ഥം കല്‍പിക്കാം. ആരാധിക്കുവാന്‍ അവര്‍ കല്‌പിച്ചതിനാല്‍ ജനത അതു സ്വീകരിച്ച് ജീവിതകാലത്തും മരണശേഷവും നിരുപാധികമായ അനുസരണമാകുന്ന ഇബാദത്ത് അവര്‍ക്ക് ചെയ്‌തുവെന്നും സങ്കല്‌പിക്കാം. അപ്പോള്‍ മുസ്‌ലിം പണ്‌ഡിതന്‍മാര്‍ എല്ലാതരം ഇബാദത്തിനെയും ഉള്‍ക്കൊള്ളുവാന്‍ പറ്റിയ നിര്‍വചനമാണ് നല്‍കിയത്. അത് ഇവര്‍ ദുര്‍വ്യാഖ്യാനം ചെയ്യുന്നതുപോലെ നിരുപാധിക അനുസരണം എന്നല്ല. പ്രത്യുത, അങ്ങേയറ്റത്തെ താഴ്‌മയും വിനയവും എന്നതാണ്. അതുപോലെ ആരാധന, അനുസരണം, അടിമത്തം മൂന്നും കൂടിക്കലര്‍ന്നത് എന്ന അര്‍ഥവും പണ്‌ഡിതന്‍മാരുടെ നിര്‍വചനവുമായി യോജിക്കുകയില്ല. കല്‌പനയുണ്ടെങ്കിലേ അവരെ അനുസരിച്ചു എന്ന് പറയുകയുള്ളൂ. അഞ്ച് നമ്പറുകളിലായി നാം വിവരിച്ചവര്‍ക്ക് മുശ്‌രിക്കുകള്‍ അര്‍പ്പിച്ചിരുന്ന ശിര്‍ക്ക് നിരുപാധികമായ അനുസരണമായിരുന്നുവെന്ന് പടുജാഹിലുകള്‍ മാത്രമേ വാദിക്കുകയുള്ളൂ. ഇതുകൊണ്ടാണ് ഇബാദത്തിന്ന് അനുസരണം എന്നര്‍ഥം പറയുന്നവര്‍ക്ക് തെറ്റുപറ്റിയെന്ന് ഇമാം റാസി(റ) പറഞ്ഞത്. ജമാഅത്തെ ഇസ്‌ലാമിക്ക് ഇപ്രകാരം വാദമില്ലെന്നും ചില സ്ഥലങ്ങളില്‍ ഈ അര്‍ഥവും ഇബാദത്തുകൊണ്ട് വിവക്ഷിക്കപ്പെടുമെന്നേ ഞങ്ങള്‍ വാദിച്ചിട്ടുള്ളൂ എന്നും അവര്‍ പറയുന്നത് അടിസ്ഥാനരഹിതമാണെന്ന് നാം മുകളില്‍ ഉദ്ധരിച്ച ഇവരുടെ പ്രസ്‌താവനകള്‍ വ്യക്തമാക്കുന്നു. സാധാരണക്കാരെ തെറ്റിദ്ധരിപ്പിക്കുവാന്‍ പണ്‌ഡിതന്‍മാര്‍ പറഞ്ഞ നിര്‍വചനം ഉദ്ധരിച്ച് ഇവരുടെ വികലമായ നിര്‍വചനം തന്നെയാണ് അവരും പറഞ്ഞതെന്ന് തെറ്റിദ്ധരിപ്പിക്കുകയാണ്. അനുയായികളെ തൃപ്‌തിപ്പെടുത്തുവാന്‍ അതു മതിയായേക്കാം.
17. ``മലക്കുകള്‍ ആദമിന്ന് സുജൂദ് ചെയ്യുകയും ഇബ്‌ലീസത് നിരസിക്കുകയും ചെയ്‌ത കഥ വിവരിച്ചേടത്ത് മലക്കുകളെയല്ല, ഇബ്‌ലീസിനെയാണ് ഖുര്‍ആന്‍ കാഫിറെന്ന് വിളിച്ചിരിക്കുന്നത്. ദൈവകല്‌പനയുണ്ടെങ്കില്‍ സൃഷ്‌ടിക്ക് ആരാധനയും ചെയ്യാമെന്നല്ലേ, അല്ല ചെയ്യണമെന്നല്ലേ പ്രസ്‌തുത സംഭവം തെളിയിക്കുന്നത്? ഹജ്ജ് കര്‍മങ്ങളില്‍ ഹജറുല്‍ അസ്‌വദ് എന്ന കല്ലിനെ ചുംബിക്കല്‍ മറ്റൊരു ദൃഷ്‌ടാന്തമാണ്.'' (ഇസ്‌ലാമിലെ ഇബാദത്ത്, പേജ് 26)
ആരാധനയുടെ ഗൗരവം കുറയ്‌ക്കുവാന്‍ പടച്ചവന്റെ പേരില്‍ വലിയ ഒരു അപരാധമാണ് ഇവരിവിടെ എഴുന്നള്ളിച്ചിരിക്കുന്നത്. ഒരു കാലത്ത് അല്ലാഹു സൃഷ്‌ടികളെ ആരാധിക്കുവാന്‍ പോലും കല്‌പിക്കുകയുണ്ടായി. ആ സംഭവമാണു പോലും ആദമിന്ന് മലക്കുകള്‍ സുജൂദ് ചെയ്‌തത്. ഇന്ന് നാം കല്ലിനെ ആരാധിക്കുന്നുണ്ടുതാനും. പക്ഷേ, അല്ലാഹു കല്‌പിച്ചതിനാല്‍ ആരാധന സാക്ഷാല്‍ അനുസരണമായി മാറി! ഇതാണ് ഇവരിവിടെ ജല്‍പ്പിക്കുന്നത്.
അല്ലാഹു ഒരു കാലത്തും സൃഷ്‌ടികള്‍ക്ക് ആരാധനയര്‍പ്പിക്കുവാന്‍ കല്‌പിച്ചിട്ടില്ല, കല്‌പിക്കുകയുമില്ല. മലക്കുകള്‍ ആദമിന്ന് ചെയ്‌ത സുജൂദ് ആരാധനയുടെ സുജൂദായിരുന്നില്ല. കേവലം അഭിവാദ്യത്തിന്റെ സുജൂദായിരുന്നു. ആദ്യകാലത്ത് ഇത് അനുവദിച്ചിരുന്നു. മുഹമ്മദ് നബി(സ)യുടെ ശരീഅത്തില്‍ ഇത് നിഷിദ്ധമാക്കി, ശിര്‍ക്കിന്റെ എല്ലാ വാതിലുകളും അടയ്‌ക്കുവാന്‍ വേണ്ടി. യൂസുഫ് നബി(അ)യുടെ സഹോദരന്‍മാര്‍ അദ്ദേഹത്തിന്ന് സുജൂദ് ചെയ്‌തതും ഇവര്‍ക്ക് ഉദ്ധരിക്കാമായിരുന്നു. ഹജറുല്‍ അസ്‌വദിനെ ചുംബിക്കുമ്പോള്‍ ആരാധനാ മനോഭാവം മുസ്‌ലിംകള്‍ പ്രകടിപ്പിക്കുവാന്‍ പാടില്ല. മൗദൂദികളുടെ അവസ്ഥ എന്താണെന്ന് അറിയുകയില്ല. ഇതിലും ദൈവകല്‌പനയുണ്ടെങ്കില്‍ സൃഷ്‌ടിക്ക് ആരാധന ചെയ്യാമെന്നതില്‍ യാതൊരു തെളിവുമില്ല. ഇമാം റാസി(റ) ഇപ്രകാരം പറഞ്ഞിട്ടുണ്ടെങ്കില്‍ മഹാപണ്‌ഡിതന്‍മാര്‍ക്കും തെറ്റ് പറ്റുമെന്നതിനാണ് അത് തെളിവാകുക. അല്ലാഹു കല്‌പിച്ചാല്‍ ശിര്‍ക്കാവുകയില്ല; പ്രത്യുത അനുസരണം കൂടിയാവുകയാണ് ചെയ്യുന്നതെങ്കില്‍ രണ്ട് ദൈവത്തില്‍ വിശ്വസിക്കുവാനും മരണപ്പെട്ടവരെയും സൂര്യന്‍, ചന്ദ്രന്‍ മുതലായവയെയും വിളിച്ച് തേടുവാനും ആരാധിക്കുവാനും മറ്റും അവന്ന് കല്‌പിക്കാമായിരുന്നുവല്ലോ?! വിഗ്രഹാരാധനയെ പ്രോത്സാഹിപ്പിക്കാമായിരുന്നു. കള്ള് കുടിക്കുവാനും വ്യഭിചരിക്കുവാനും മനുഷ്യനെ വധിക്കുവാനും നുണ പറയുവാനും മാതാപിതാക്കളെ ഉപദ്രവിക്കുവാനും മറ്റും കല്‌പിക്കാമായിരുന്നു. ഹജറുല്‍ അസ്‌വദിനെ ചുംബിക്കുന്ന ആരാധന, കല്‌പനകൊണ്ട് അനുസരണമാക്കി മാറ്റിയതുപോലെ ഇവയെല്ലാം അനുസരണമാക്കി മാറ്റാമായിരുന്നു. മുഹമ്മദ് നബി(സ)യെ അനുസരിക്കണം, ആരാധിക്കരുതെന്ന് അവന്‍ കല്‌പിച്ചത് വിഡ്‌ഢിത്തവുമായി. ആരാധിക്കണമെന്ന് കൂടി കല്‌പിച്ച് അനുസരണമാക്കി അട്ടിമറിക്കാമായിരുന്നു, മലക്കുകളോട് ആദമിനെ ആരാധിക്കുവാന്‍ കല്‌പിച്ചതുപോലെ!
ഇസ്‌ലാമില്‍ നിന്ന് പോലും പുറത്തുപോകുന്ന, അല്ലാഹു ഒരിക്കലും മാപ്പ് ചെയ്യാത്ത ഒരു മഹാപാപമാണ് ജമാഅത്തുകാര്‍ ഇവിടെ ജല്‌പിക്കുന്നത്. നിങ്ങള്‍ ഇബാദത്തിന്ന് എന്ത് അര്‍ഥം പറഞ്ഞാലും മുജാഹിദുകള്‍ അതു ക്ഷമിക്കാം. എന്നാല്‍ ആദമിന് മലക്കുകള്‍ സുജൂദ്‌ചെയ്‌ത സംഭവം ദൈവകല്‌പനയുണ്ടെങ്കില്‍ സൃഷ്‌ടിക്ക് ആരാധനയും ചെയ്യാമെന്നല്ലേ, അല്ല; ചെയ്യണമെന്നല്ലേ തെളിയിക്കുന്നതെന്ന് ജല്‌പിക്കാതിരുന്നാല്‍ മതി.
18. ``പിശാചിനെ മുമ്പാരും ആരാധിച്ചതായി അറിഞ്ഞിട്ടില്ല. ആരാധനയെന്നര്‍ഥത്തില്‍ ഇവിടെ ആരും തന്നെ പിശാചിന്ന് ഇബാദത്തു ചെയ്‌തിട്ടില്ല. എല്ലാവരും അവനെ ആട്ടിയോടിക്കുക മാത്രമാണ് ചെയ്യാറുള്ളത്.'' (പ്രബോധനം മാസിക, 1972 ജൂലായ്, പേജ് 20)
19. ``എന്നല്ല, അവര്‍ ജിന്നുകള്‍ക്കു ഇബാദത്ത് ചെയ്‌തിരുന്നു'' (സബഅ്). ഈ ആയത്ത് `ഇബാദത്ത് ആരാധനയെന്ന അര്‍ഥത്തില്‍' എന്ന കോളത്തിലാണ് `ഇസ്‌ലാമിലെ ഇബാദത്ത്' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നത് (പേജ് 100). `മനുഷ്യരില്‍ ചില ആളുകള്‍ ജിന്നില്‍ നിന്നുള്ള ചില ആളുകളോട് അഭയം തേടുന്നു' (സൂറതുല്‍ ജിന്ന്). അഭയം തേടുക എന്നതിന്റെ വിവക്ഷ ആട്ടിയോടിക്കലായിരിക്കുമോ?
20. ``ജിന്ന്, ഭൂതം, പ്രേതം മുതലായവരേയും അറബികള്‍ പൂജിച്ചു.'' (ഖുതുബാത്ത്, പേജ് 312)
21. ``ജിന്നുകള്‍ക്ക് ഗൈബ് അറിയുവാന്‍ സാധിക്കുമെന്ന് അവര്‍ വിശ്വസിച്ചു. അവരെ വിളിച്ചുപ്രാര്‍ഥിക്കുകയും സേവിക്കുകയും പൂജിക്കുകയും ഭജനമിരിക്കുകയും ചെയ്യുന്നു.'' (ശിര്‍ക്ക്, പേജ് 170)
22. ``ഇന്ത്യയില്‍ ഓരോ അണുവും ആരാധ്യവസ്‌തുവാണ്.'' (ശിര്‍ക്ക്, പേജ് 187)
23. ``ആരാധനയെന്ന അര്‍ഥത്തില്‍ ഇവിടെ ആരുംതന്നെ പിശാചിന്ന് ഇബാദത്ത് ചെയ്യുന്നില്ല. എല്ലാവരും അവനെ വെറുക്കുകയും ലഅ്‌നത്ത്(ശാപം) കൂറുകയുമാണ് ചെയ്യുന്നത്.'' (ഇസ്‌ലാമിലെ ഇബാദത്ത്, പേജ് 35, 36)
24. എനിക്ക് ഇബാദത്തെടുക്കുവാന്‍ വേണ്ടിയല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്‌ടിച്ചിട്ടില്ല എന്ന ആയത്തിന്ന് അവര്‍ നല്‍കുന്ന അര്‍ഥം കാണുക:
``എനിക്ക് അടിമപ്പെടുവാനല്ലാതെ ജിന്നുകളെയും മനുഷ്യരെയും ഞാന്‍ സൃഷ്‌ടിച്ചിട്ടില്ല.'' (പ്രബോധനം മാസിക, പു. 8, ല. 7, 8, പേജ് 173,)
25. ``തന്റെ റബ്ബുമായുള്ള കൂടിക്കാഴ്‌ചയെ ആര്‍ പ്രത്യാശിക്കുന്നുവോ അവന്‍ സല്‍ക്കര്‍മം അനുഷ്‌ഠിക്കട്ടെ. തന്റെ റബ്ബിനുള്ള ഇബാദത്തില്‍ മറ്റൊരുത്തനെയും പങ്കുചേര്‍ക്കാതിരിക്കട്ടെ'' (സൂറത്തുല്‍ കഹ്‌ഫ്).
ഈ ആയത്ത് ഇബാദത്ത്, അടിമത്തം, അനുസരണം, ആരാധന എന്നീ മൂന്നര്‍ഥങ്ങള്‍ക്കും കൂടി വരുന്ന കോളത്തിലാണ് `ഇസ്‌ലാമിലെ ഇബാദത്ത്' എന്ന ഗ്രന്ഥത്തില്‍ ഉദ്ധരിക്കുന്നത്. ശേഷം എഴുതുന്നു: പ്രസ്‌തുത ആയത്തുകളില്‍ വന്നിരിക്കുന്ന ഇബാദത്തിന് ഏതെങ്കിലുമൊരു പ്രത്യേകാര്‍ഥം കല്‌പിക്കാന്‍ യാതൊരു കാരണവുമില്ല (പേജ് 104). എന്നാല്‍ `ഖുതുബാത്തി'ല്‍ അടിമവൃത്തിയില്‍ എന്നാണ് അര്‍ഥം നല്‍കുന്നത്. (പേജ് 402)
26. ``പ്രവാചകനെ നിരുപാധികം അനുസരിക്കണമെന്ന് ഇസ്‌ലാം ഒരിടത്തും പഠിപ്പിച്ചിട്ടില്ല'' (പ്രബോധനം മാസിക, 1972 ആഗസ്റ്റ്). അല്ലാഹുവിന്റെ കല്‌പന നാം നേരിട്ട് കേട്ടിട്ടില്ല. നബി(സ)യിലൂടെയാണ് മനസ്സിലാക്കുന്നത്. അതിനാല്‍ അല്ലാഹുവിനുള്ള അനുസരണവും സോപാധികമാകുന്നു. പുറമേ അല്ലാഹു നമ്മുടെ രക്ഷിതാവും സ്രഷ്‌ടാവുമാണെന്ന നിലയ്‌ക്കാണ് നാം അവനെ അനുസരിക്കുന്നത്. ഈ വീക്ഷണത്തിലൂടെയും അവനുള്ള അനുസരണവും സോപാധികമാകുന്നു.
27. ``അടിമത്തവും അടിമവൃത്തിയുമാണ് ഇബാദത്ത്'' (പ്രബോധനം മാസിക, 1968 മെയ്, പേജ് 24)
28. കുട്ടിച്ചാത്തന്‍മാരെ ആരാധിച്ചേക്കാം. എന്നാല്‍ പിശാചിനെ ആരും ആരാധിക്കാറില്ലെന്ന് ഇവര്‍ എഴുതുന്നു (പ്രബോധനം മാസിക, 1972 സപ്‌തംബര്‍). ഇവര്‍ തമ്മിലുള്ള വ്യത്യാസം എന്താണെന്ന് ചോദിച്ച് ഈ മാസിക പുറത്തുവന്ന ഉടനെത്തന്നെ ലേഖകനായ അബ്‌ദുല്ലാ ഹസന്‍ സാഹിബിന്ന് അരീക്കോട് കോളെജില്‍ പഠിക്കുകയായിരുന്ന ഞാന്‍ എഴുതുകയുണ്ടായി. എന്നാല്‍ എന്റെ ചോദ്യം തിരിച്ചയയ്‌ക്കുകയാണുണ്ടായത്. കൂടുതല്‍ പഠിക്കുവാനുള്ള നിര്‍ദേശവും കൂടെയുണ്ടായിരുന്നു.
ത്വാഗൂത്തും ജമാഅത്തും
`ത്വാഗൂത്തി'ന്റെ നിര്‍വചനം ഇവിടെ വിശദീകരിക്കുന്നില്ല; ഇവിടെ ഇന്ത്യന്‍ മതേതരത്വവും ജനാധിപത്യവും താഗൂത്താണോ? ആണെന്നു വന്നാല്‍തന്നെ പരിശുദ്ധ ഖുര്‍ആനിന്നും സുന്നത്തിന്നും എതിരാവാത്ത പ്രശനങ്ങളില്‍ ഈ സര്‍ക്കാറിനെ അനുസരിച്ചാല്‍ അതു ശിര്‍ക്കും കുഫ്‌റുമാകുമോ? ഈ സര്‍ക്കാറിന്റെ കീഴില്‍ അല്ലാഹുവിന്ന് മാത്രം ഇബാദത്തുചെയ്‌ത് ശിര്‍ക്കില്‍ നിന്നു മോചിതരായി ജീവിക്കുവാന്‍ നമുക്ക് സാധിക്കുമോ? സര്‍ക്കാര്‍ ജോലികളില്‍ സേവനമനുഷ്‌ഠിക്കാനും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനും വോട്ടുചെയ്യുവാനും പറ്റുമോ? ഇതാണ് നമ്മുടെ ചര്‍ച്ചാവിഷയം. മറ്റുള്ള ചര്‍ച്ചകള്‍ എല്ലാംതന്നെ വിഷയത്തില്‍ നിന്ന് ജനശ്രദ്ധ തെറ്റിക്കാന്‍ മാത്രമുള്ളതാണ്. അല്ലാഹുവിന്റെ കല്‌പനകളെ മാറ്റിമറിക്കുന്ന ശൂറാ കമ്മിറ്റി വരെ ത്വാഗൂത്തില്‍ ഉള്‍പ്പെടുന്നതാണ്.
1. ``ഇന്ത്യന്‍ ജമാഅത്തെ ഇസ്‌ലാമി ഇന്ത്യന്‍ ഭരണഘടനയെ അംഗീകരിക്കുന്നുവെന്ന് മാത്രമല്ല, മറ്റു സംഘടനകളെക്കാള്‍ കൂടുതലായി അംഗീകരിക്കുന്നു.'' (പ്രബോധനം മാസിക, 1954 നവംബര്‍ 15, പേജ് 48)
2. ``ജമാഅത്തെ ഇസ്‌ലാമിയുടെ യാതൊരു പ്രവര്‍ത്തനവും ഇന്ത്യയുടെ ഭരണഘടനയ്‌ക്കോ താല്‌പര്യത്തിനോ ഒരുവിധത്തിലും വിരുദ്ധമല്ല'' (അമീറിന്റെ പ്രസ്‌താവന, ചന്ദ്രിക 26.9.1953)
3. ``നിലവിലുള്ള വ്യവസ്ഥ അനിസ്‌ലാമികവും സത്യവിരുദ്ധവുമാണെന്ന് അംഗീകരിച്ചുകൊണ്ട് അതിന്റെ പരിവര്‍ത്തനത്തിന്നും ഇസ്‌ലാമിന്റെയും മുസ്‌ലിംകളുടെയും ഉത്തമ താല്‌പര്യങ്ങള്‍ക്കു വേണ്ടിയും തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതില്‍ തെറ്റില്ല'' (പ്രബോധനം മാസിക, 1972 സെപ്‌തംബര്‍, പേജ് 33).
ഇന്ത്യയിലെ മുസ്‌ലിംകള്‍ ത്വാഗൂത്തിന്ന് ഇബാദത്തെടുക്കണമെന്ന് ഉദ്ദേശിച്ച് ഒരിക്കലും തെരഞ്ഞെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. ഈ പങ്കെടുക്കല്‍ താഗൂത്തിനുള്ള ഇബാദത്താണോ? ഇതാണ് നമ്മുടെ ചര്‍ച്ചാവിഷയം. തെരഞ്ഞെടുപ്പില്‍ പങ്കെടുക്കുന്നതിന്റെ ലക്ഷ്യം നിങ്ങള്‍ വിശദീകരിക്കാതെ തന്നെ ഇന്ത്യന്‍ മുസ്‌ലിംകള്‍ക്കറിയാം.
4. ``രാഷ്‌ട്രനിര്‍മാണ യത്‌നങ്ങളിലും സാമൂഹിക വികസന പ്രവര്‍ത്തനങ്ങളിലും സാധ്യമാവുന്നത്ര പങ്കുവഹിക്കാന്‍ ജമാഅത്തെ ഇസ്‌ലാമി പരിപാടിയിട്ടിട്ടുണ്ട്''. (പ്രബോധനം വാരിക, 1983 മാര്‍ച്ച് 19, പേജ് 5)
5. രാജ്യത്തിന്റെ ഉല്‍ഗ്രഥനത്തിനുവേണ്ടി പ്രധാനമന്ത്രിമാര്‍ അമുസ്‌ലിംകളായിരുന്നാലും ദൈവത്തോട് അവരുടെ വിജയത്തിന്ന് വേണ്ടി പ്രാര്‍ഥിക്കാം. (പ്രബോധനം വാരിക, 1985 ഫെബ്രുവരി 2)
6. ത്വാഗൂത്തിനെയും അല്ലാഹുവിന്റെ വിധിവിലക്കുകള്‍ക്കെതിരല്ലാത്ത നിയമങ്ങളില്‍ അനുസരിക്കുന്നതിന്ന് തെറ്റില്ല. (പ്രബോധനംവാരിക, പേജ് 29, 1988 നവംബര്‍ 12)
7. കമ്യൂണിസ്റ്റ് പാര്‍ട്ടിയും അവാന്തരവിഭാഗങ്ങളും ത്വാഗൂത്താണ്. (ഇബാദത്ത് ഒരു സമഗ്രപഠനം, പേജ് 335) എന്നിട്ടും ഇവര്‍ക്ക് ജമാഅത്തുകാര്‍ വോട്ടുചെയ്യുന്നത് ത്വാഗൂത്തിനുള്ള ഇബാദത്തോ, അടിമവേലയോ?
8. ``ഖുര്‍ആനില്‍ താഗൂത്തിനുള്ള ഇബാദത്തിനെ പറഞ്ഞേടത്തെല്ലാം അടിമത്തവും അനുസരണവും കാണിക്കുകയെന്നാണര്‍ഥം'' (ഇസ്‌ലാമിലെ ഇബാദത്ത് പേജ് 89).
ഇന്ത്യന്‍ സര്‍ക്കാറിനെ നാം അനുസരിച്ച് ജീവിക്കല്‍ നിര്‍ബന്ധിതാവസ്ഥയില്‍ പന്നിമാംസം തിന്നുന്നതുപോലെ ശിര്‍ക്കുചെയ്യലാണെന്ന് സമര്‍ഥിക്കുവാന്‍ എഴുതിയ നുണയാണിതെന്ന് ഇവര്‍ തന്നെ സമ്മതിച്ചിട്ടുണ്ട്. `ശിര്‍ക്ക്' എന്ന ഗ്രന്ഥത്തില്‍ ഇത് വ്യക്തമാക്കുന്നു. സൂറത്തുല്‍ മാഇദയിലെ `വ അബദത്ത്വാഗൂത്ത' (ത്വാഗൂത്തിന്ന് ഇബാദത്തെടുത്തു) എന്ന ആയത്തിന് `പൂജിച്ചു' എന്നാണീ ഗ്രന്ഥത്തില്‍ അര്‍ഥം നല്‍കുന്നത്. (ശിര്‍ക്ക്, പേജ് 137) ത്വാഗൂത്തിന്റെ ഇനത്തില്‍ വിഗ്രഹങ്ങളും ഉള്‍പ്പടുമെന്ന ഇതില്‍ കാണാം. (പേജ് 136). വിഗ്രഹങ്ങളെ മനുഷ്യര്‍ അനുസരിക്കുകയും അടിമവേലയെടുക്കുകയും ചെയ്യാറില്ലെന്നതാണ് യാഥാര്‍ഥ്യം.
9. അല്ലാഹുവിന്റെ വിധിവിലക്കുകള്‍ മാറ്റിമറിക്കുന്ന നമ്മുടെ ഗവണ്‍മെന്റും താഗൂത്തില്‍ ഉള്‍പ്പെടുന്നതാണ്. അതിനാല്‍ ഈ താഗൂത്തിന്റെ നിയമങ്ങള്‍ എന്തായാലും അനുസരിക്കേണ്ടതാണെന്ന് വിശ്വസിച്ച് നിരുപാധികം അനുസരിച്ചാല്‍ അത് ശിര്‍ക്ക് തന്നെയാണെന്ന കാര്യത്തില്‍ നമുക്ക് ഒരു സംശയവുമില്ല. എന്നാല്‍ അത് നിരുപാധികം അനുസരിക്കേണ്ടതാണെന്ന് വിശ്വസിക്കാതെ നിര്‍ബന്ധിതമായി അനുസരിക്കുകയാണെങ്കില്‍ ശിര്‍ക്കാവുകയില്ല, കുറ്റമാവുകയില്ല. ഇനി നിര്‍ബന്ധിതാവസ്ഥയൊന്നുമില്ലാതെ അറിഞ്ഞോ അറിയാതെയോ അനുസരിച്ചുപോവുകയാണുണ്ടായതെങ്കില്‍ അത് കുറ്റമായിത്തീരും. (പ്രബോധനം മാസിക, 1972 ആഗസ്‌ത്, പേജ് 30)
ഇവര്‍ എന്തെല്ലാമാണ് എഴുതിവിടുന്നതെന്ന് ഇവര്‍ക്ക് തന്നെ അറിയില്ല! അടിവരയിട്ട ഭാഗം പ്രത്യേകം വായിക്കുക. പരിശുദ്ധ ഖുര്‍ആന്‍ അവതരിപ്പിക്കുന്ന മൗലിക തത്വത്തെ പോലും ഇവര്‍ തകര്‍ത്തിരിക്കുന്നു. `നമ്മുടെ ഗവണ്‍മെന്റും' താഗൂത്താണെന്ന് ഇവര്‍ പറയുന്നു. എന്നിട്ടും മറ്റുള്ളവര്‍ അനുസരിക്കുന്നതിനെക്കാള്‍ കൂടുതലായി തങ്ങള്‍ അനുസരിക്കുമെന്നും പ്രഖ്യാപിക്കുന്നു. മതേതര ഇന്ത്യയില്‍ ശിര്‍ക്ക് ചെയ്യേണ്ടിവരുന്ന നിര്‍ബന്ധ സാഹചര്യം ഇല്ലെന്നും ഇവര്‍തന്നെ എഴുതുന്നു.
10. ``ചോദ്യം: ഒരനിസ്‌ലാമിക ഗവണ്‍മെന്റിന്റെ കീഴില്‍ ജീവിക്കവെ ഒരാള്‍ ലൈസന്‍സ് കൂടാതെയോ നിശ്ചിത സമയവും കാലാവസ്ഥയും ലംഘിച്ചുകൊണ്ടോ ശിക്കാര്‍ നടത്തുന്നതും ലൈറ്റില്ലാതെ രാത്രി കാലങ്ങളില്‍ സൈക്കിള്‍ ഓടിക്കുന്നതും അനുവദനീയമാണോ?
ഉത്തരം: ഒരനിസ്‌ലാമിക ഗവണ്‍മെന്റിന്റെ കീഴില്‍ ജീവിക്കുമ്പോള്‍ നാട്ടിന്റെ നിയമസമാധാനനില പരിരക്ഷിക്കാന്‍ ആ ഗവണ്‍മെന്റാവിഷ്‌കരിച്ച നിയമങ്ങളും ഒരു വ്യവസ്ഥാപിത സമൂഹത്തിന്റെ ഭദ്രമായ നിലനില്‍പ്പിന്ന് അനുപേക്ഷ്യമായ വ്യവസ്ഥകളും ഒരവസ്ഥയിലും ലംഘിക്കാന്‍ പാടുള്ളതല്ല.'' (പ്രബോധനം മാസിക, 1968 ആഗസ്‌ത്, പേജ് 37)
ഇത് മുജാഹിദുകള്‍ പറഞ്ഞാല്‍ അപ്രകാരം നിയമങ്ങള്‍ ആവിഷ്‌കരിക്കുവാന്‍ മനുഷ്യര്‍ക്ക് അവകാശമില്ലെന്ന് ഇവര്‍ക്ക് ജല്‍പിക്കാം. വിധിക്കും നിയമനിര്‍മാണത്തിനുമുള്ള അവകാശം ദൈവത്തിനു മാത്രമാണെന്ന് പരിശുദ്ധ ഖുര്‍ആനിലെ ആയത്തുകള്‍ തന്നെ ഉദ്ധരിച്ച് വാദിക്കാം. മതവും ഭൗതികവിഷയവും ഒന്നാണെന്ന് ജല്‍പ്പിക്കുകയുമാകാം.
ജീവിതവും ഇബാദത്തും
നമ്മുടെ ജീവിതത്തില്‍ അല്ലാഹുവിന്ന് മാത്രമേ ഇബാദത്തെടുക്കാന്‍ പാടുള്ളൂ, ഇബാദത്തിന്റെ ഒരംശവും മറ്റുള്ളവര്‍ക്ക് അര്‍പ്പിക്കാന്‍ പാടില്ല; ഇതാണ് ഇസ്‌ലാമിന്റെ നിര്‍ബന്ധ താല്‌പര്യം. എന്നാല്‍ ഇബാദത്തു മാത്രമേ നാം ചെയ്യാന്‍ പാടുള്ളൂ, ഇബാദത്തല്ലാത്ത യാതൊരു സംഗതിയും ചെയ്യാന്‍ പാടില്ല എന്നൊരു നിര്‍ദേശം ഇസ്‌ലാമിലുണ്ടോ? നാം ചെയ്യുന്ന എല്ലാ സംഗതികളും ഇബാദത്താക്കി പരിവര്‍ത്തനം ചെയ്യുവാന്‍ സാധിക്കുമോ? ഇതാണ് നമ്മുടെ ചിന്താവിഷയം.
ജീവിതത്തില്‍ ഇബാദത്തല്ലാത്ത യാതൊന്നും തന്നെ ചെയ്യാന്‍ പാടില്ലെന്നും നാം ചെയ്യുന്ന എല്ലാ സംഗതികളും ഇബാദത്തായിരിക്കണമെന്നുമുള്ള നിര്‍ബന്ധ കല്‌പന ഇസ്‌ലാമിലുണ്ടെങ്കില്‍ മതം മനുഷ്യര്‍ക്ക് പ്രയാസകരമാകും. ഇസ്‌ലാമിലെ നിയമങ്ങളെ നമുക്കിങ്ങനെ വിഭജിക്കാം.
വാജിബ് (നിര്‍ബന്ധം): ഇത് ഉപേക്ഷിച്ചാല്‍ അല്ലാഹു നമ്മെ ശിക്ഷിക്കും. പ്രവര്‍ത്തിച്ചാല്‍ പ്രതിഫലം നല്‍കുകയും ചെയ്യും. ഫര്‍ള് എന്നും ഇതിന്ന് പറയുന്നു.
ഹറാം (നിഷിദ്ധം): ഇത് പ്രവര്‍ത്തിച്ചാല്‍ അല്ലാഹു നമ്മെ ശിക്ഷിക്കും. ചെയ്യാന്‍ സാഹചര്യം ലഭിച്ചിട്ടും ഉപേക്ഷിച്ചാല്‍ പ്രതിഫലം നല്‍കും. ഹറാമിന്റെ ഇനത്തില്‍ ഏറ്റവും ഗൗരവമായത് അല്ലാഹു അല്ലാത്തവര്‍ക്ക് ഇബാദത്ത് ചെയ്യലാണ്.
മുബാഹ് (അനുവദനീയം): ഇത് ഉപേക്ഷിച്ചാലും പ്രവര്‍ത്തിച്ചാലും ശിക്ഷയോ രക്ഷയോ ലഭിക്കുകയില്ല. നാം ഉദ്ദേശിക്കുന്നപക്ഷം ഇത് അനുഷ്‌ഠിക്കാം. ഉദ്ദേശിക്കുന്നപക്ഷം വര്‍ജിക്കാം. ചെയ്യുന്നതിലോ ഉപേക്ഷിക്കുന്നതിലോ അല്ലാഹുവിന്ന് പ്രത്യേകമായ താല്‍പര്യമില്ല. മതം മനുഷ്യര്‍ക്ക് വിശാലമാകുവാന്‍ വേണ്ടിയാണ് ഇപ്രകാരം ചില സംഗതികളെ നിശ്ചയിക്കുന്നത്. ഇബാദത്തല്ലാത്ത കാര്യങ്ങളാണ് ഈ വിധിയില്‍ ഉള്‍പ്പെടുക. ഹലാല്‍ എന്നും ഇതിന്ന് പറയും.
സുന്നത്ത് (ഐഛികം): ഇതു ചെയ്‌താല്‍ പ്രതിഫലം ലഭിക്കും. ഉപേക്ഷിച്ചാല്‍ ശിക്ഷിക്കപ്പെടുകയില്ല. മന്‍ദൂബ് എന്നാണ് നിദാന ശാസ്‌ത്രത്തില്‍ ഇതിനു പറയുക.
കറാഹത്ത് (വെറുക്കപ്പെട്ടത്): ഇത് ഉപേക്ഷിച്ചാല്‍ പ്രതിഫലം ലഭിക്കും. പ്രവര്‍ത്തിച്ചാല്‍ ശിക്ഷിക്കപ്പെടുകയില്ല.
മനുഷ്യജീവിതത്തില്‍ ഇബാദത്ത് അല്ലാതെ യാതൊന്നും തന്നെ ചെയ്യാന്‍ പാടില്ലെന്നതാണ് ഇസ്‌ലാമിന്റെ നിര്‍ബന്ധ താല്‌പര്യമെങ്കില്‍ ഈ അഞ്ച് മതവിധികള്‍ക്ക് യാതൊരു പ്രസക്തിയുമുണ്ടാവുകയില്ല. മതവിധികള്‍ ഹറാമിലും വാജിബിലുമായി ചുരുങ്ങുന്നതാണ്. ഇബാദത്തുമായി ബന്ധപ്പെടാത്ത കാര്യങ്ങള്‍ മുഹമ്മദ് നബി(സ)യുടെ ജീവിതത്തില്‍ വരെ കാണാന്‍ സാധിക്കുമെന്നും അതിനാല്‍ അവയില്‍ നമുക്ക് മാതൃകയില്ലെന്നും മുസ്‌ലിം പണ്‌ഡിതന്‍മാര്‍ നിദാനശാസ്‌ത്ര ഗ്രന്ഥങ്ങളി(ഉസ്വൂലുല്‍ ഫിഖ്‌ഹി)ല്‍ പ്രസ്‌താവിക്കുന്നതു കാണാം.
ഇസ്‌ലാം സുന്നത്ത്, ബിദ്‌അത്ത് എന്ന നിലക്കും മനുഷ്യന്റെ കര്‍മങ്ങളെ വേര്‍തിരിക്കുന്നത് കാണാം. നല്ല ഉദ്ദേശ്യത്തോടുകൂടി മനുഷ്യന്‍ ചെയ്യുന്ന എല്ലാ പ്രവൃത്തിയും ഇബാദത്താകുമെങ്കില്‍ ബിദ്‌അത്തുകള്‍ എന്നൊരു ഇനം തന്നെ ഉണ്ടാവുകയില്ല. സുന്നികള്‍ ചെയ്യുന്ന എല്ലാ അനാചാരങ്ങളും അപ്പോള്‍ സുന്നത്തായിത്തീരുന്നതാണ്, അതുപോലെ മനുഷ്യസമൂഹം ചെയ്യുന്ന കര്‍മങ്ങളും. കാരണം ഇവരുടെയെല്ലാം ഉദ്ദേശ്യം നല്ലതായിരിക്കും.
വെളുത്ത വസ്‌ത്രം ധരിക്കല്‍ നമുക്ക് ഇബാദത്താക്കി പരിവര്‍ത്തനം ചെയ്യാം. കാരണം ഇതില്‍ നിര്‍ദേശമുണ്ട്. എന്നാല്‍ മനുഷ്യര്‍ക്ക് ചില നിറങ്ങളോട് താല്‌പര്യമുണ്ടായിരിക്കും. അതിനാല്‍ പച്ചയും ചുവപ്പും നീലയും മറ്റും ഇസ്‌ലാം അനുവദനീയമാക്കുന്നു. എന്നാല്‍ ഒരാള്‍ പച്ച വസ്‌ത്രം ധരിക്കലും ചുവപ്പ് വസ്‌ത്രം ധരിക്കലും നീല വസ്‌ത്രം ധരിക്കലും ഇബാദത്താക്കുവാന്‍ ശ്രമിച്ചാല്‍ അവര്‍ മതത്തില്‍ അനാചാരം നിര്‍മിക്കുകയാണ്.
തലപ്പാവ് ധരിക്കുക, തൊപ്പിയിടുക, നീളക്കുപ്പായം (സിര്‍ബാല്‍) ധരിക്കുക, കഴുതപ്പുറത്തും കുതിരപ്പുറത്തും ഒട്ടകപ്പുറത്തും സഞ്ചരിക്കുക, ഈത്തപ്പഴവും ഗോതമ്പും ബാര്‍ലിയും ഭക്ഷിക്കുക, ഉടുമ്പിന്റെ മാംസം ഉപേക്ഷിക്കുക, ചുരയ്‌ക്ക താല്‌പര്യത്തോടുകൂടി ഭക്ഷിക്കുക, തോലിന്റെ രണ്ടു വാറുകള്‍ ഉള്ള ചെരിപ്പ് ധരിക്കുക മുതലായവയെല്ലാം ഇസ്‌ലാം അനുവദിച്ച സംഗതികളാണ്. ഇവയില്‍ നബി(സ) വളരെ താല്‌പര്യത്തോടുകൂടി ചെയ്‌തതും അല്ലാത്തവയുമുണ്ട്. എന്നാല്‍ ഒരാള്‍ ഇവ ഇബാദത്താക്കി മാറ്റിമറിക്കുവാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ മതത്തില്‍ അനാചാരങ്ങള്‍ സൃഷ്‌ടിക്കുകയാണ്. കാരണം ഇവയൊന്നും തന്നെ നബി(സ) ഇബാദത്തുമായി ബന്ധപ്പെടുത്തി അനുഷ്‌ഠിച്ച കാര്യങ്ങളല്ല.
പുകവലി ഹറാമില്‍ ഉള്‍പ്പെടുത്താന്‍ ഒരാള്‍ തെളിവ് കാണുന്നില്ലെങ്കില്‍ കറാഹത്തിലോ അനുവദനീയമായതിലോ മാത്രമാണ് അത് ഉള്‍പ്പെടുക. എങ്കില്‍ അവന്ന് പുകവലിക്കാം. എന്നാല്‍ ആരെങ്കിലും അത് ഇബാദത്താക്കി മാറ്റുവാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ മതത്തില്‍ അനാചാരങ്ങള്‍ നിര്‍മിക്കുകയാണ്. തനിച്ച ധിക്കാരിയുടെ വേഷം ധരിക്കുകയാണ്.
കല്യാണത്തില്‍ പാട്ടുപാടല്‍, നികാഹിന്ന് വേണ്ടി ഭാര്യയുടെ വീട്ടിലേക്ക് വരനും ഒരു സംഘമാളുകളും പുറപ്പെടല്‍ എന്നിവയെല്ലാം മതം അനുവദിച്ച സംഗതികളാണ്. എന്നാല്‍ ഒരാള്‍ ഇവയെല്ലാം ഇബാദത്താക്കി മാറ്റിമറിക്കുവാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ മതത്തില്‍ ബിദ്‌അത്തുകള്‍ സൃഷ്‌ടിക്കുന്നവനാണ്.
പള്ളിയില്‍ വെച്ച് മയ്യിത്തു നമസ്‌കരിക്കല്‍ അനുവദനീയമാണ്. എന്നാല്‍ ഈ വിഷയത്തില്‍ പള്ളിക്ക് പ്രാധാന്യം നല്‍കി അതും ഇബാദത്താക്കി മാറ്റുവാന്‍ ഉദ്ദേശിച്ചാല്‍ അവന്‍ അനാചാരം സൃഷ്‌ടിക്കുന്നവനാണ്. പെരുന്നാള്‍ നമസ്‌കാരവും ഇങ്ങനെത്തന്നെ.
ജുമുഅയ്‌ക്ക് രണ്ടു ബാങ്കാവാമെന്ന് പറയുന്ന പണ്‌ഡിതന്‍മാര്‍ പോലും ആദ്യബാങ്ക് സുന്നത്താണെന്നോ ഇബാദത്താണെന്നോ വാദിക്കുന്നില്ല. കേവലം അനുവദനീയമാണെന്നാണ് അവര്‍ പോലും പറയുന്നത്. എന്നാല്‍ വല്ല ജമാഅത്തുകാരനും അത് ഇബാദത്താക്കുവാന്‍ ശ്രമിച്ചാല്‍ ഈ പണ്‌ഡിതന്‍മാരുടെ വീക്ഷണത്തില്‍പോലും അത് ബിദ്‌അത്താണ്.
നമസ്‌കാരത്തില്‍ ബിസ്‌മി ഉറക്കെ ഓതല്‍, സുബ്‌ഹ് നമസ്‌കാരത്തില്‍ ഖുനൂത്ത് ഓതല്‍, വയറിന്‍മേല്‍ കൈകെട്ടല്‍, ബറാഅത്ത് നോമ്പ് അനുഷ്‌ഠിക്കല്‍, നമസ്‌കാരശേഷം കൂട്ടുപ്രാര്‍ഥന നടത്തല്‍ എന്നിവയെല്ലാം ഇബാദത്താക്കി മാറ്റുവാന്‍ വല്ല ജമാഅത്തുകാരനും ഉദ്ദേശിച്ചാല്‍ അയാള്‍ തനിച്ച ധിക്കാരിയും അഹങ്കാരിയും മതത്തില്‍ അനാചാരങ്ങള്‍ നിര്‍മിക്കുന്നവനും മതനിയമം മാറ്റിമറിക്കുന്നവനുമാണ്. ഈ ഉദ്ദേശ്യമില്ലാതെ ഇവ അനുഷ്‌ഠിച്ചാല്‍ പോലും അയാള്‍ അനാചാരം അനുഷ്‌ഠിക്കുന്നവനാണ്; നബിചര്യയെ മറികടക്കുന്നവനാണ.് പ്രബോധനം മാസികയില്‍ വന്ന ഒരു ചോദ്യവും മറുപടിയും കാണുക:
``ചോ: 80 ജൂണ്‍ ലക്കം മാസികയില്‍ ഒരു ചോദ്യത്തിന്നുത്തരമായി നമസ്‌കാരത്തിലായാലും അല്ലാത്തപ്പോഴും തലമറയ്‌ക്കല്‍ സുന്നത്താണ് എന്ന് പറയാന്‍ ഇസ്‌ലാമില്‍ തെളിവൊന്നുമില്ല എന്ന് എഴുതിക്കണ്ടു. എന്നാല്‍ മുഹമ്മദ് അബുല്‍ജലാല്‍ സാഹിബ് രചിച്ചതും പ്രബോധനം പ്രസ്സില്‍ അച്ചടിച്ചതും ജമാഅത്തുകാരുടെ മദ്‌റസകളില്‍ പാഠപുസ്‌തകമായി പഠിപ്പിക്കപ്പെടുന്നതുമായ നമസ്‌കാരം എന്ന കൃതിയില്‍ പുരുഷന്‍മാര്‍ നമസ്‌കരിക്കുമ്പോള്‍ കുപ്പായവും തൊപ്പിയും തലയില്‍ കെട്ടും മറ്റും ധരിച്ച് വളരെ നല്ല അവസ്ഥയിലും അന്തസ്സിലും ആകുന്നത് ഏറ്റവും ഉത്തമമാകുന്നു എന്ന് കാണുന്നു. ഇതും പ്രസ്‌തുത മറുപടിയും പരസ്‌പരവിരുദ്ധമല്ലേ?
ഉ: വൈരുധ്യമൊന്നുമില്ല. കാരണം തല മറക്കുന്നതു ഉത്തമമല്ല എന്ന് ആദ്യം പറഞ്ഞതിന്നര്‍ഥമില്ല. അങ്ങനെ ഉദ്ദേശിച്ചിട്ടുമില്ല. മുസ്‌ലിംകള്‍ അനുഷ്‌ഠിക്കേണ്ടതിന്നായി നബി(സ) പഠിപ്പിച്ച കാര്യങ്ങളെയാണ് സുന്നത്ത് എന്നതുകൊണ്ട് അവിടെ ഉദ്ദേശിച്ചത്. സുന്നത്തുകളെല്ലാം ഉത്തമമാണെന്നതില്‍ സംശയമില്ല. എന്നാല്‍ ഉത്തമമാണെന്നു നമുക്കു തോന്നുന്നതിനെയെല്ലാം സുന്നത്ത് എന്നു പറയാന്‍ പറ്റില്ല. ഉത്തമമെന്നു തോന്നുന്ന ഒരു കാര്യം അനുഷ്‌ഠിക്കുവാന്‍ നബി(സ) പഠിപ്പിച്ചിട്ടുണ്ട് എന്നുകൂടി സ്ഥിരപ്പെട്ടാലേ അതിനെ സുന്നത്ത് എന്നു വിളിക്കാവൂ. തല മറയ്‌ക്കലിന്റെ കാര്യത്തില്‍ അങ്ങനെ സ്ഥിരപ്പെട്ടിട്ടില്ല. സ്ഥിരപ്പെടുത്താന്‍ പര്യാപ്‌തമായ തെളിവുകളില്ല.'' (പുസ്‌തകം 39, ലക്കം 6,)
ഇബാദത്തായിത്തീരുവാന്‍ സുന്നത്തില്‍ സ്ഥിരപ്പെടേണ്ടതില്ല എന്നതായിരിക്കുമോ ഇവരുടെ തത്വം?! വ്യക്തമല്ല. എല്ലാ സുന്നത്തും ഇബാദത്താണ്. ഇസ്‌ലാമിലെ ഇബാദത്തെല്ലാം സുന്നത്തല്ല എന്നും ഇവര്‍ വാദിച്ചേക്കാം! യഥാര്‍ഥത്തില്‍ സുന്നത്തില്‍ സ്ഥിരപ്പെട്ട സംഗതികള്‍ മാത്രമേ ഇബാദത്താവുകയുള്ളൂ. കല്‌പനയുണ്ടായിരിക്കണമെന്ന വ്യവസ്ഥ ഇവര്‍ തന്നെ അറിഞ്ഞോ അറിയാതെയോ സമ്മതിക്കുന്നുണ്ട്.
``അല്ലാഹു മനുഷ്യരോടനുശാസിച്ചിട്ടുള്ള കാര്യങ്ങളെ മൊത്തത്തില്‍ ഇസ്‌ലാം ഇബാദത്തുകള്‍ എന്ന് വ്യവഹരിക്കുന്നു.'' (പ്രബോധനം മാസിക, പുസ്‌തകം 42, ലക്കം 6)
കെ സി അബ്‌ദുല്ല മൗലവിയുടെ `ഇബാദത്ത് ഒരു സമഗ്ര പഠനം' എന്ന പുസ്‌തകത്തില്‍ `ജീവിതം മുഴുവന്‍ ഇബാദത്ത്' എന്നൊരു അധ്യായം കാണാം (പേജ്: 241). യാഥാസ്ഥിതികരെ തൃപ്‌തിപ്പെടുത്തുവാന്‍ വേണ്ടി അനാചാരങ്ങള്‍ പോലും അനുഷ്‌ഠിക്കുന്ന ഇവര്‍ക്ക് ഈ വിഷയത്തില്‍ മുജാഹിദുകളുടെ മേല്‍ മികവ് പ്രകടിപ്പിക്കുവാനും അഭിമാനംനടിക്കുവാനും എന്തു പ്രത്യേകതയാണുള്ളത്? മുജാഹിദുകള്‍ നിഷേധിക്കുന്ന എന്തു സംഗതിയാണ് ഇവര്‍ ഇബാദത്തായി ചെയ്യുന്നത്? ഇതും ചില തെറ്റിദ്ധാരണകള്‍ ഉണ്ടാക്കുവാനുള്ള ശ്രമമാണ്. ഒരു ജമാഅത്തെ ഇസ്‌ലാമിക്കാരന്ന് ഇബാദത്തല്ലാത്ത ഒരു സംഗതിയും ചെയ്യാതെ ജീവിതം മുഴുവന്‍ ഇബാദത്താക്കി മാറ്റുവാന്‍ സാധിക്കുമെങ്കില്‍ അങ്ങനെ ചെയ്‌തുകൊള്ളുക, വിരോധമില്ല. അത് ഇസ്‌ലാമിന്റെ നിര്‍ബന്ധ താല്‌പര്യമാണെന്ന് വാദിക്കരുത്. അനാചാരങ്ങള്‍പോലും ഇബാദത്താക്കി മാറ്റുവാന്‍ ശ്രമിക്കുകയും ചെയ്യരുത്. ഈ പ്രവണതയെ ഞങ്ങള്‍ ശക്തമായി എതിര്‍ക്കുകതന്നെ ചെയ്യും. മതനിയമങ്ങള്‍ മാറ്റിമറിക്കാന്‍ ആരെയും അനുവദിക്കാവതല്ല.
ഇബാദത്തിന്ന് മുജാഹിദുകള്‍ പറയുന്ന അര്‍ഥവും വ്യാഖ്യാനവും സമ്പൂര്‍ണമല്ല. ജമാഅത്തെ ഇസ്‌ലാമി പറയുന്നതാണ് സമ്പൂര്‍ണമായ അര്‍ഥവും വ്യാഖ്യാനവും എന്നാണല്ലോ വാദം. എങ്കില്‍ നിങ്ങള്‍ നല്‍കുന്ന സമ്പൂര്‍ണ വ്യാഖ്യാനപ്രകാരം മുജാഹിദുകള്‍ക്ക് മോചിതരാകുവാന്‍ സാധിക്കാത്ത ഏതെല്ലാം ശിര്‍ക്കില്‍ നിന്നാണ് ജമാഅത്തെ ഇസ്‌ലാമിക്കാര്‍ക്ക് മോചിതരാകുവാന്‍ സാധിച്ചിട്ടുള്ളത്? `പ്രസിദ്ധീകരണത്തിന്റെ പേജുകള്‍ അനാവശ്യമായ ചര്‍ച്ചയ്‌ക്ക് ഉപയോഗിക്കാതെ ഈ പ്രശ്‌നം വിശദീകരിക്കുവാന്‍ ഉപയോഗിക്കുക. ഇബാദത്തിന്ന് മുജാഹിദുകള്‍ നല്‍കുന്ന വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ ഏതെല്ലാം ശിര്‍ക്കിലാണ് അവര്‍ അകപ്പെട്ടിട്ടുള്ളത്? ഉത്തരം വിശദീകരിക്കുമ്പോള്‍ ആടിനെ പട്ടിയാക്കി തല്ലിക്കൊല്ലരുതെന്ന് അപേക്ഷിക്കുന്നു.
``ആകയാല്‍ ദീന്‍ മുഴുവന്‍ ഇബാദത്തില്‍ പെടുന്നു. ദീനിലുള്ള യാതൊന്നും ഇബാദത്തിന് പുറത്തല്ല. പ്രഗത്ഭമതികളായ ഇസ്‌ലാമിക പണ്‌ഡിതന്‍മാര്‍ അതു വ്യക്തമായി പറഞ്ഞിട്ടുണ്ട്.'' (പ്രബോധനം മാസിക, 1968 ആഗസ്‌ത് 7, പേജ് 40)
ദീനിലുള്ള ഏതെങ്കിലും ഒന്ന് ഇബാദത്തിന്ന് പുറത്താണെന്ന് മുജാഹിദുകള്‍ വാദിച്ചിട്ടില്ല. ദുന്‍യാവിലുള്ള മുഴുവന്‍ ഇബാദത്തില്‍ ഉള്‍പ്പെടുകയില്ലെന്ന് മാത്രമേ വാദിക്കുന്നുള്ളത്. ഇതാണ് തര്‍ക്കവിഷയം.
``ചോ: കാതുകുത്തലും മൂക്കുകുത്തലും ഇസ്‌ലാമില്‍ നിര്‍ബന്ധമോ സുന്നത്തോ ആണോ?
``ഉ: പെണ്‍കുട്ടികളുടെ കാതും മൂക്കും കുത്തുന്നത് നിര്‍ബന്ധമോ സുന്നത്തോ അല്ല. ഇസ്‌ലാം നിരോധിച്ചിട്ടില്ലാത്തതും ചില പ്രദേശങ്ങളില്‍ കണ്ടുവരുന്നതുമായ മതസമ്പ്രദായം മാത്രമാണ്.'' (പ്രബോധനം മാസിക, 1984 ഒക്‌ടോബര്‍, പേജ് 56)
ഈ സമ്പ്രദായം ഇബാദത്താണോ? ഇബാദത്ത് അല്ലാത്ത യാതൊന്നും ചെയ്യുവാന്‍ പാടില്ലെങ്കില്‍ ഇവ എങ്ങനെ നിരോധിച്ചിട്ടില്ലാത്ത സംഗതികളാകും. യഥാര്‍ഥത്തില്‍ മൂക്ക് കുത്തല്‍ നിഷിദ്ധമായ സംഗതിയാണ്. ഫതുഹ്‌ല്‍ മുഈന്‍ പോലും ഇതു നിഷിദ്ധമാണെന്ന് പ്രഖ്യാപിക്കുന്നത് കാണാം.
മറഞ്ഞ മയ്യിത്തിന്റെ പേരില്‍ നമസ്‌കരിക്കല്‍ സുന്നത്തില്ലെന്ന് പ്രസ്‌താവിച്ച ശേഷം എഴുതുന്നു: ``എന്നാല്‍ മറഞ്ഞ മയ്യിത്തിനുവേണ്ടി നമസ്‌കരിക്കുന്നത് നിഷിദ്ധമോ ബിദ്‌അത്തോ ആണ് എന്ന് ഇതിന്നര്‍ഥമില്ല.'' (പ്രബോധനം മാസിക, 1985 ജൂലായ്, പേജ് 50) ഇബാദത്ത് അല്ലാത്ത ഒന്നും ചെയ്യാന്‍ പാടില്ലെങ്കില്‍ ഈ നമസ്‌കാരം ഏതു ഇനത്തിലാണ് ഉള്‍പ്പെടുക?

ennaano ellaarum onnu nannavunne ?
ReplyDelete